സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ഥ പേര് ഗണപതി വട്ടം: പേര് മാറ്റാൻ കച്ചകെട്ടി കെ.സുരേന്ദ്രൻ

(www.kl14onlinenews.com)
(11-APR-2024)

സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ഥ പേര് ഗണപതി വട്ടം: പേര് മാറ്റാൻ കച്ചകെട്ടി കെ.സുരേന്ദ്രൻ

വയനാട്: സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്നാക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ദേശീയമാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു സുരേന്ദ്രൻ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാണെന്ന് ആദ്യം പറഞ്ഞത്. ആ നിലപാടാണ് ഇന്ന് വാർത്താ സമ്മേളനം വിളിച്ചുചേർത്തുകൊണ്ട് ബിജെപി അദ്ധ്യക്ഷൻ ആവർത്തിച്ചിരിക്കുന്നത്.

സുൽത്താൻ ബത്തേരിയുടെ ശരിയായ പേര് ​ഗണപതിവട്ടം എന്നാണെന്നും, ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താൻ ബത്തേരിയെന്ന് പേര് മാറ്റിയതെന്നും സുരേന്ദ്രൻ പറഞ്ഞു. അതിനാൽ തന്നെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണ്. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ ബിജെപി നേതാവ് പ്രമോദ് മഹാജൻ ഉന്നയിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സുല്‍ത്താൻസ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്, ഇത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് കാലമെത്ര കഴിഞ്ഞു. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ടിപ്പു സുല്‍ത്താൻ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനോടാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കെ സുരേന്ദ്രന് എന്തും പറയാമെന്നും അദ്ദേഹം ജയിക്കാൻ പോകുന്നില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശങ്ങളോട് ടി.സിദ്ദിഖ് എംഎൽഎ പ്രതികരിച്ചത്. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കമാണ് കെ സുരേന്ദ്രൻ നടത്തുന്നത്. ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ലെന്നും സുരേന്ദ്രന്റെ പ്രസ്താവനകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ മതംമാറ്റുകയും ചെയ്ത വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍ അതിനാല്‍ സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല എന്നും സുരേന്ദ്രന്‍ പരഞ്ഞു. വിഷയം ചര്‍ച്ചയായതോടെ വിശദീകരണത്തിനൊരുങ്ങുകയാണ് ബിജെപി.

Post a Comment

Previous Post Next Post