(www.kl14onlinenews.com)
(18-APR-2024)
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ശൈലജയുടെ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതി നൽകി 10 ദിവസത്തിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്.
ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ യു.ഡി.എഫ് വനിതാ എംഎൽഎമാരായ കെ.കെ രമയും, ഉമ തോമസും ഇന്നലെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് പൊലീസിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്.
മുൻ മന്ത്രി കൂടിയായ കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയായ മിൻഹാജിനെതിരെ കലാപാഹ്വാനത്തിനുള്ള വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ഇതുവരെ എടുത്തത് 4 കേസുകൾ
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണങ്ങളിൽ ഇതുവരെ എടുത്തത് 4 കേസുകൾ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ പ്രവാസി കെ.എം. മിൻഹാജിനെതിരെ വടകരയിലും മട്ടന്നൂരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൽമാൻ വാളൂർ എന്ന ലീഗ് പ്രവർത്തകനെതിരെ പേരാമ്പ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും നേരത്തേ കേസെടുത്തിരുന്നു. നാല് കേസുകളിലേയും പ്രതി ചേർക്കപ്പെട്ടവർ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
إرسال تعليق