ഇനി ധൈര്യമായി കെഎസ്ആര്‍ടിസിക്ക് കൈകാണിക്കാം; സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തും

(www.kl14onlinenews.com)
(05-APR-2024)

ഇനി ധൈര്യമായി കെഎസ്ആര്‍ടിസിക്ക് കൈകാണിക്കാം; സീറ്റൊഴിവുണ്ടെങ്കില്‍ സൂപ്പര്‍ ഫാസ്റ്റ് നിര്‍ത്തും
തിരുവനന്തപുരം: ഒഴിഞ്ഞ സീറ്റുകളുമായി ഇനി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ യാത്രചെയ്യേണ്ടതില്ലെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം. സീറ്റൊഴിവുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇനി എല്ലാം സ്റ്റോപ്പിലും നിര്‍ത്തും, യാത്രക്കാര്‍ക്ക് ധൈര്യമായി കൈകാണിക്കാം. യാത്രക്കാര്‍ നില്‍ക്കുന്ന സ്ഥലം സ്റ്റോപ്പല്ലെങ്കിലും ഏത് സമയത്തായാലും ബസ് നിര്‍ത്തും. സീറ്റൊഴിവുണ്ടെങ്കിലും പ്രധാന സ്റ്റോപ്പുകളില്‍ മാത്രമാണ് സൂപ്പര്‍ക്ലാസ് ബസുകള്‍ നിര്‍ത്തിയിരുന്നത്.

സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍ത്തുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ചുവേണം വാഹനം നിര്‍ത്തേണ്ടതെന്നും ഡ്രൈവര്‍മാര്‍ക്കുള്ള കര്‍ശന നിര്‍ദേശത്തില്‍ പറയുന്നു. വഴിയില്‍നിന്ന് കൈകാണിക്കുന്ന യാത്രക്കാരന്‍ അന്നദാതാവാണെന്ന കാര്യം ഓര്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ സി.എം.ഡി. പ്രമോജ് ശങ്കര്‍ ഓര്‍മിപ്പിച്ചു.

സ്റ്റാന്‍ഡുകളില്‍ നിന്ന് ബസ് നീങ്ങിത്തുടങ്ങുമ്പോള്‍ യാത്രക്കാരന്‍ കൈകാണിച്ചാല്‍ ബസ് നിര്‍ത്തിക്കൊടുക്കണം. സ്ത്രീയാത്രികര്‍ക്ക് രാത്രി ബസുകളില്‍ നല്‍കുന്ന സ്റ്റോപ്പ് ഇളവ് തുടരും. രാത്രി എട്ടിനും രാവിലെ ആറിനും ഇടയ്ക്ക് ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തിക്കൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്

ഡ്യൂട്ടിക്കിടയിലെ മദ്യപാനം ഒഴിവാക്കാന്‍ നിലവിലുള്ള ബ്രീത്ത് അനലൈസര്‍ പരിശോധന കര്‍ശനമാക്കും. ഇപ്പോള്‍ സംശയമുള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. ഇതിനുപകരം സ്ത്രീകള്‍ ഒഴികെയുള്ള ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി തുടങ്ങും മുമ്പ് പരിശോധന നടത്താനാണ് തീരുമാനം.

ദീര്‍ഘദൂര ബസുകള്‍ യാത്രാവേളയില്‍ ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളുടെ പട്ടിക മുന്‍കൂര്‍ പ്രസിദ്ധീകരിക്കും.വൃത്തിയുള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉള്ളതുമായ ഹോട്ടലുകളില്‍മാത്രമേ സ്റ്റോപ്പ് അനുവദിക്കൂ. ഇത് പാലിക്കാത്ത 13 ഹോട്ടലുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

Post a Comment

Previous Post Next Post