ഇവിഎമ്മിനൊപ്പം മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രിംകോടതി

(www.kl14onlinenews.com)
(26-APR-2024)

ഇവിഎമ്മിനൊപ്പം മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രിംകോടതി
ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടത്തണം, വോട്ടര്‍മാര്‍ പരിശോധിച്ച ശേഷം വിവിപാറ്റ് സ്ലിപ്പുകള്‍ നിക്ഷേപിക്കാം എന്നീ നിർദേശങ്ങളും സുപ്രിംകോടതി തള്ളി.

സിംബൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്യണം, ഇത് 45 ദിവസം സൂക്ഷിക്കണം എന്നീ രണ്ട് നിർദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നൽകി. ജഡ്ജിമാർ വേവ്വെറെ വിധിയാണ് എഴുതിയതെങ്കിലും ഭിന്ന വിധിയല്ല. വോട്ടിങ് മെഷീനിലെ മെമ്മറി ഫലപ്രഖ്യാപിച്ചതിന് ശേഷം പരിശോധിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അഭ്യര്‍ഥിക്കാമെന്നും കോടതി വ്യക്തമാക്കി.

ഫലം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനം സ്ഥാനാര്‍ഥികള്‍ അഭ്യര്‍ഥന നടത്തണം. പരിശോധനയുടെ ചെലവ് സ്ഥാനാര്‍ഥികള്‍ വഹിക്കണം. കൃത്രിമം കണ്ടെത്തിയാല്‍ പണം തിരികെ ലഭിക്കും. രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥികള്‍ക്ക് പരിശോധിക്കാന്‍ അഭ്യര്‍ഥിക്കാം. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും സുപ്രിംകോടതി പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ, തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേവലം സംശയത്തിൻ്റെ പേരിൽ പ്രവർത്തിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്റെ പേരില്‍ വിവിപാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി വ്യക്തത തേടുകയും ചെയ്തിരുന്നു.

വോട്ടിങ് മെഷീൻ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നുമായിരുന്നു കമ്മീഷൻ വാദം. എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുക.

Post a Comment

أحدث أقدم