മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹരജി തള്ളി

(www.kl14onlinenews.com)
(29-APR-2024)

മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറഞ്ഞാണ് കോടതി തള്ളിയത്. അഭിഭാഷകനായ ആനന്ദ് എസ് ജോൺഡാലയാണ് ഹരജി നൽകിയത്.
ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടിയായിരുന്നു ഹരജി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറു വർഷത്തേക്ക് വിലക്കണമെന്നായിരുന്നു ആവശ്യം. ഏതെങ്കിലും പരാതിയിൽ പ്രത്യേക നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത പറഞ്ഞു.
ഏപ്രിൽ ഒമ്പതിന് മോദി ഉത്തർപ്രദേശിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ആനന്ദ് എസ് ജോൺഡാല ഹരജി നൽകിയത്. ഹിന്ദു, സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ടഭ്യർഥിച്ച മോദി മുസ് ലിംകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെന്ന് പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തിയെന്നും ഹരജിയിൽ ആരോപിക്കുന്നു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ ഇന്ത്യാ മുന്നണി പാർട്ടികൾ എന്നും വെറുക്കുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

"അവർ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ ' ക്ഷണം നിരസിക്കുകയും രാംലല്ലയെ അപമാനിക്കുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത അവരുടെ പാർട്ടിയിൽ നിന്നുള്ളവരെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു," പിൽഭിത്തിലെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചുള്ള റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാജ്യം മുഴുവൻ ആരാധിക്കുന്ന ശക്തിയെ കോൺഗ്രസ് അനാദരിച്ചിരിക്കുകയാണ്. ശക്തിയെ ആരാധിക്കുന്ന ആരും കോൺഗ്രസിനോട് ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post