(www.kl14onlinenews.com)
(15-APR-2024)
മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസങ്ങിലായി പെയ്ത മഴയിൽ മലയാളിയുൾപ്പെടെ 19പേർ മരിച്ചു. ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മുദൈബി വിലായത്തിലെ സമദ് ഷാൻ വാദിയിൽ അകപ്പെട്ട മുഴുവൻ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസിൻറെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റയുടെയും നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനമാണ് നടത്തിവരുന്നത്.
വിവിധ ഇടങ്ങളിലായി കുടുങ്ങിയ ആയിരകണക്കിനാളുകളെ രക്ഷിക്കാനായതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തെക്ക്-വടക്ക് ബാത്തിന, ബുറൈമി, മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് ശക്തമായ മഴ തുടരുന്നത്. ഏറ്റവും കൂടുതൽ ആൾ നഷ്ടവും നാശവും വരുത്തിയത് വടക്കൻ ശർഖിയ ഗവർണറേറ്റിലാണ്.
വടക്കൻ ശർഖിയയിൽ മരണപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും ഒമാനിലെ മന്ത്രിമാരുടെ കൗൺസിൽ യോഗം അനുശോചനം അറയിച്ചു. ഒമാൻ സുൽത്താൻറെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും അനുശോചനം രേഖപ്പെടുത്തി.
നാഷ്ണൽ എമർജൻസി മാനേജ്‌മെന്റ് സെന്ററിന് (എൻ. സി.ഇ.എം) ഞായറാഴ്ച മുതൽ അപകട വിവരം അറിയിച്ച് കൊണ്ട് 78ലധികം കോളുകൾ ലഭിച്ചതായി എൻ. സി.ഇ.എം ഔദ്യോഗിക വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് ബിൻ സലാം അൽ ഹാഷിമി പറഞ്ഞു. വടക്കൻ ശറക്കിയ, തെക്കൻ ശറക്കിയ, അൽ ദഖിലിയ, തെക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകൾ ശക്തമായ മഴ തുടരുകയാണെന്നും കാണാതയവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമദ് അൽഷാനിലെ വാദിയിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെ വാഹനത്തിൽ നിന്ന് രണ്ട് പേരെ പൊലീസ് ഏവിയേഷൻ സംഘം ഞായറാഴ്ച രക്ഷിച്ചിരുന്നു. ഇതുകൂടാതെ വടക്കൻ ശറക്കിയ ഗവർണറേറ്റിലെ ഇബ്രാ വിലായത്ത് വാദിയിൽ കുടുങ്ങിയ സ്‌കൂൾ ബസിൽ നിന്നും 27 പേരെ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്‌മെന്റ് നേരത്തെ രക്ഷിച്ചിരുന്നു. വിലായത്ത് നിസ്‌വയിൽ വെള്ളത്തിൽ കുടുങ്ങിയ സ്‌കൂൾ ബസിൽ നിന്ന് 21 വിദ്യാർഥികളെയും രക്ഷിച്ചു.
സമദ് അൽഷാൻ വാദി അപകടകരമായ നിലയിൽ ഒഴുകിയതിനെ തുടർന്ന് മുദൈബിയിലെ റൗദ സ്‌കൂൾ കെട്ടിടം മഴവെള്ളത്തിൽ മുങ്ങി. ഇതിനെതുടർന്ന് നിരവധി പേർ സ്‌കൂളിനുള്ളിൽ കുടുങ്ങി. കൂടാതെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു.
മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല. തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.
إرسال تعليق