(www.kl14onlinenews.com)
(14-APR-2024)
മസ്‌കത്ത് :കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ മലയാളി ഉൾപ്പെടെ 12 പേര്‍ മരണപ്പെട്ടു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയിൽ മതിൽ ഇടിഞ്ഞുവീണാണ് സുനിൽ മരിച്ചത്. മരിച്ചവരിൽ ഒൻപതു പേരും കുട്ടികളാണ്.
ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. അതേസമയം, നിരവധി പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ് ഏവിയേഷന്‍ വിഭാഗവും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തിയത്.
മുൻകരുതൽ നടപടികളുടെ ഭാഗമായി അമീറാത്ത്-ബൗഷർ ചുരം റോഡ് താൽകാലികമായി അടച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വെള്ളം കയറിയതിനെ തുടർന്ന് ഇസ്ക്കിയിലെ വീട്ടിൽനിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. വാദികളിൽ നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടതയായും റിപ്പോർട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. സമദ് ഷാനിൽ വാദി റൗദ സ്കൂൾ കെട്ടിടത്തിലേക്ക് വെള്ളം കയറി. ഇവിടെയുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സ്‌കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇബ്രിയിലെ വാദി അൽ വഹ്‌റയിൽ മൂന്നുപേർ കുടുങ്ങി. അമീറാത്തിലെ വാദിയിൽ കുടുങ്ങിയ പൗരനെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി.
ഒമാനിൽ ബോട്ട് മറിഞ്ഞ് മലയാളി കുട്ടികൾ മരിച്ചു
ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലുണ്ടായ ബോട്ടപകടത്തിൽ മലയാളികളായ കുട്ടികൾക്ക് ദാരുണാന്ത്യം.
കോഴിക്കോട് സ്വദേശികളാണ് കുട്ടികൾ മരിച്ചത്. മാതാപിതാക്കൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നരിക്കുനി പുല്ലാളൂർ സ്വദേശി തച്ചൂർ ലുഖ്മാനുൽ ഹക്കീം-മുഹ്‌സിന ദമ്പതികളുടെ മക്കളായ ഹൈസം മുഹമ്മദ് (ഏഴ്), ഹാമിസ് മുഹമ്മദ് (നാല്) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബവുമൊത്ത് ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. പെട്ടെന്നുതന്നെ ഭാര്യയെ രക്ഷപ്പെടുത്താൻ സാധിച്ചു. പിന്നീട് കുറച്ച് സമയമെടുത്താണ് കുട്ടികളെ കണ്ടെത്താനായത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
إرسال تعليق