(www.kl14onlinenews.com)
(27-APR-2024)
കാസർകോട്: ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസില്‍ പത്ത് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. ചെര്‍ക്കള പഞ്ചായത്ത് പ്രസിഡന്‍റ് ഖാദർ ബദരിയ, മുസ്ലീം ലീഗ് പ്രവർത്തകരായ ഷരീഫ് മാർക്കറ്റ്, ചട്ട പൈച്ചു , ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്, ജാഫർ, ചാഡു, ആമു എന്നിവരാണ് പ്രതികൾ. തിരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തിൽ എത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ചതിൽ ആണ് നടപടി. പ്രതികള്‍ക്കെതിരെ ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
ചെര്‍ക്കള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന ആരോപണവുമായി എല്‍ഡിഎഫ് ജില്ലാകമ്മിറ്റി രംഗത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കി. ഇക്കാര്യം അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കൈരളി ടി. വി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ
ഷൈജു പിലാത്തറയ്ക്കും പരിക്കേറ്റിരുന്നു.
അതേസമയം
യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതിയുമായി എൽഡിഎഫ്.ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 113, 114, 115 എന്നീ പോളിംഗ് ബൂത്തുകളിലും എ.എൽ.പി.എസ് ചെങ്കളയിലെ 106, 107 ബൂത്തുകളിലുമാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്. പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും എൽഡിഎഫ് പരാതിയിൽ ആരോപിക്കുന്നു.
എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മറ്റി കൺവീനർ കെ പി സതീശ് ചന്ദ്രനാണ് പരാതി നൽകിയത്. ജില്ലാ വരണാധികാരി കെ ഇമ്പ ശേഖറിനാണ് പരാതി നൽകിയത്.
إرسال تعليق