റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഒരു പവന് അരലക്ഷം കടന്നു, 50,400 രൂപ, ചരിത്രത്തിൽ ആദ്യം

(www.kl14onlinenews.com)
(29-MAR-2024)

റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഒരു പവന് അരലക്ഷം കടന്നു, 50,400 രൂപ,ചരിത്രത്തിൽ ആദ്യം

കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 130 രൂപ വർധിച്ച് 6,300 രൂപയും പവന്1,040 രൂപ വർധിച്ച് 50,400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,234 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.37 ഉം ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.

മാർച്ച്‌ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ച്‌ 21നാണ് സ്വർണവില റെക്കോഡ് കുതിപ്പ് തുടങ്ങിയത്. ഗ്രാമിന് 6,180 രൂപയിലേക്കും പവന് 49,440 രൂപയിലേക്കും ആണ് ഉയർന്നത്. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില

കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ സ്വർണത്തിന് മുപ്പതിനായിരത്തോളം രൂപയുടെ വർധനവാണ് ഒരു പവനുണ്ടായത്. 2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1300 ഡോളറിലും പവൻ വില 21,200 രൂപയിലു൦ ഗ്രാം വില 2,650 രൂപയിലുമായിരുന്നത് ഇന്ന് 2,234 ഡോളറിലും ഒരു പവൻ സ്വർണവില 50,400 രൂപയിലും ഒരു ഗ്രാം സ്വർണത്തിന്റെ വില 6,300 രൂപയിലും എത്തി.

ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് പവന് അരലക്ഷം രൂപ കടക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി, ഹാൾമാർക്കിങ് നിരക്കുകൾ ഉൾപ്പെടെ 55,000 രൂപക്ക് അടുത്ത് നൽകണം. സ്വർണ വില കുതിക്കുന്നത് സാധാരണക്കാർ വലിയ തിരിച്ചടിയാണ്. ഏതാനും ദിവസങ്ങളായി സ്വർണ വിലയില്‍ വർധനവ് പ്രകടമായിരുന്നു. അതിനാൽ അധികം വൈകാതെ പവന്റെ വില അരലക്ഷം കടക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ എന്നും കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ –രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണത്തിൽ കൂടുതൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് ഒന്നരക്കോടി ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ കൈവശമുള്ള സ്വർണത്തിന്റെ ഏകദേശ വില.

ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിലെ സ്വർണവില വർധിക്കാൻ കാരണം. സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഒരു ഗ്രാം സ്വർണത്തിന് 6,170 രൂപയും പവന് 49360 രൂപയുമായിരുന്നു ഇന്നലത്തെ വില.

22 കാരറ്റ് സ്വർണത്തിന്റെ വില

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,300 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6,873 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,154 രൂപയുമാണ്.

Post a Comment

Previous Post Next Post