(www.kl14onlinenews.com)
(26-MAR-2024)
കോഴിക്കോട്ടെ ബിസിനസുകാരനില്‍നിന്ന് ഓണ്‍ലൈന്‍ ട്രേഡിങിന്‍റെ പേരില്‍ 43 ലക്ഷം രൂപ തട്ടിയ മൂന്ന് യുവാക്കള്‍ പിടിയില്‍. ടെലഗ്രാം ഗ്രൂപ്പിലൂടെ വിവിധ ടാസ്കുകള്‍ നല്‍കിയാണ് സംഘം വന്‍തുക തട്ടിയത്. നാലുദിവസത്തിനിടെ കോഴിക്കോട് ആറ് പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ കവര്‍ന്നത്. ഓണ്‍ലൈന്‍ ട്രേഡിങിലൂടെ അധിക വരുമാനമുണ്ടാക്കാമെന്നു കരുതിയ ബിസിനസുകാരനാണ് 43 ലക്ഷം രൂപ നഷ്ടമായത്. കേസില്‍ പാലക്കാട് പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ, യൂസഫ് സിദ്ധിഖ്, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് അര്‍ഷക് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്.
തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനെ പ്രതികള്‍ ആദ്യം 'വെല്‍വാല്യ ഇന്ത്യ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി. പിന്നീട് 'ഗൂഗിള്‍ മാപ് റിവ്യൂ വി.ഐ.പി' എന്ന ടെലഗ്രാം ഗ്രൂപ്പിലും ചേര്‍ത്തു. വിവിധ ടാസ്കുകള്‍ ചെയ്താല്‍ പ്രതിഫലം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വിശ്വസിപ്പിക്കാനായി ഇടയ്ക്ക് 150 മുതല്‍ 600 രൂപവരെ പരാതിക്കാരന്‍റെ അക്കൗണ്ടിലേക്ക് പ്രതിഫലം നല്‍കി. കൂടുതല്‍ പ്രതിഫലമുള്ള ടാസ്ക് ലഭിക്കാന്‍ മുന്‍കൂട്ടി പണം നല്‍കണമെന്നുപറഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചു. ടാസ്കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പ്രതിഫലം ട്രേഡിങ് അക്കൗണ്ടില്‍ ബാലന്‍സായി കാണിക്കും, ഈ തുക പിന്‍വലിക്കണമെങ്കില്‍ ബാലന്‍സ് ഉയര്‍ത്തണമെന്നുപറഞ്ഞ് കബളിപ്പിച്ച് വീണ്ടും പണം തട്ടി. അങ്ങനെ ആകെ 43 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ ട്രഡിങിന്‍റെ പേരില്‍ നടന്ന മറ്റ് തട്ടിപ്പുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് സ്വദേശിയില്‍നിന്ന് 60 ലക്ഷത്തിലേറെ രൂപ തട്ടിയ കേസില്‍ മൂന്നു പേരെ അറസ്റ്റുചെയ്തു. കരിക്കാകുളം സ്വദേശിയായ യുവതിയില്‍നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയകേസില്‍ പ്രതികളെ പിടികൂടാന്‍ ഉത്തരേന്ത്യയിലേക്ക് പൊകാനൊരുങ്ങുകയാണ് ചേവായൂര്‍ പൊലീസ്.
إرسال تعليق