(www.kl14onlinenews.com)
(26-MAR-2024)
വാഷിങ്ടൺ: ചരക്കുകപ്പൽ ഇടിച്ച് അമേരിക്കയിലെ ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നായ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. പാലം തകർന്നതിനെ തുടർന്ന് നിരവധി ആളുകളും വാഹനങ്ങളും നദിയിലേക്ക് വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. കപ്പൽ പാലത്തിന്റെ തൂണിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു.
അപകടം നടക്കുമ്പോൾ നിരവധി ആളുകളും വാഹനങ്ങളും പാലത്തിലുണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇനിയും വ്യക്തമല്ല. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.7 കി.മീ ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. കപ്പലിടിച്ച് പാലം തകരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം
ബാൾട്ടിമോർ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് കപ്പൽ കമ്പനി. ചരക്കുകപ്പലായ ദാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.
സിംഗപ്പുർ പതാകയുള്ള ദാലി, സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പൽ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകർന്നുവീണു.
അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തിൽ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമായിരുന്നു പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.
27 ദിവസം നീളുന്ന യാത്രാപദ്ധതിയായിരുന്നു അധികൃതർ കപ്പലിന് തയ്യാറാക്കിയിരുന്നത്. ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലേക്കെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ബാൾട്ടിമോറിൽനിന്ന് യാത്രതിരിച്ചെങ്കിലും അമേരിക്കൻ പ്രാദേശികസമയം 1.30-ഓടെ അപകടത്തിൽപ്പെടുകയായിരുന്നു.
Post a Comment