(www.kl14onlinenews.com)
(30-MAR-2024)
റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്ന് പ്രോസിക്യൂഷൻ; മേൽകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ
കാസർകോട്: കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെ വെറുതെവിട്ട കോടതി വിധി അത്ഭുതകരമെന്ന് പ്രോസിക്യൂഷൻ. ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. റിയാസ് മൗലവിയുടെ ചോരക്ക് പോലും വില കൽപ്പിക്കാത്ത വിധിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കോടതി വിധിക്കെതിരെ മേൽകോടതി സമീപിക്കും. ഏതെങ്കിലും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കേണ്ട കേസാണിത്. വിചാരണവേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല. സാഹചര്യ തെളിവുകൾ പ്രതികൾക്ക് എതിരാണ്. തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോർ സൈക്കിൾ മകന്‍റേതാണെന്ന് മൂന്നാം പ്രതിയുടെ അമ്മ പറഞ്ഞിട്ടുണ്ട്.
റിയാസ് മൗലവിയെ കുത്തിയതെന്ന് പറയുന്ന കത്തിയിൽ നിന്നുള്ള ഫൈബർ കണ്ടന്‍റ് ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണ്. ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കൂടാതെ, ഡി.എൻ.എ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെയും കോടതിയിൽ വിസ്തരിച്ചിരുന്നു.
മൊബൈലിൽ സെൽഫി എടുത്ത ഒന്നും രണ്ടും പ്രതികളുടെ ഫോട്ടോകൾ ഹാജരാക്കിയിരുന്നു. മൊബൈലിനെ കുറിച്ചുള്ള കാര്യങ്ങൾ വിവരിക്കാൻ വിദഗ്ധൻ അഞ്ച് ദിവസം കോടതിയിൽ ഹാജരായി. പൊലീസ് അന്വേഷണം തൃപ്തികരമാണ്. സാക്ഷികൾ കളവ് പറയാമെങ്കിലും സാഹചര്യ തെളിവുകൾ കളവ് പറയില്ല. ശക്തമായ തെളിവുകളുള്ള കേസിലെ പ്രതികളെ വെറുതേവിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കാസര്‍കോട് ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ പള്ളിയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാരെയാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറി ആർ.എസ്.എസ് സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതികള്‍ ജയിലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.
കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും വിധി കേട്ടതിനു പിന്നാലെ റിയാസ് മൗലവിയുടെ ഭാര്യ സൈദ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ഷാജിത്ത് പറഞ്ഞു. വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുമെന്ന് അഭിഭാഷകനായ സി.ഷുക്കൂറും പറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും വിധി നിരാശപ്പെടുത്തുന്നതെന്നും അഡ്വ.ഷുക്കൂർ വിശദീകരിച്ചു. ‘‘പഴുതടച്ച അന്വേഷണമാണു പൊലീസ് നടത്തിയത്. എല്ലാവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നതിൽ പൊലീസ് വിജയിച്ചു. ഒരു സാക്ഷി പോലും കൂറുമാറിയിട്ടില്ല. മുഴുവൻ സാക്ഷികളും പ്രോസിക്യൂഷന് അനൂകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഏഴുവർഷവും ഏഴുദിവസവുമായി പ്രതികൾ ജയിലിലാണ്.’’– അഡ്വ.സി.ഷുക്കൂർ പറഞ്ഞു. വിധിയിൽ വേദനയുണ്ടെന്നും ഗൂഢാലോചന പുറത്തുവരണമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു. അപ്പീൽ പോകുന്നതിൽ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി വിശദീകരിച്ചു.
90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ൽ ആണ് വിചാരണ ആരംഭിച്ചത്. 2022 ൽ പൂർത്തിയായി. ഇതിനകം എട്ടു ജഡ്ജിമാരുടെ മുൻപാകെ കേസ് പരിഗണനയ്ക്ക് എത്തി. 5 ജഡ്ജിമാർ വാദം കേട്ടു. വിചാരണയിൽ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതി അടയാളപ്പെടുത്തി. കേസിൽ കോഴിക്കോട് ബാറിലെ എം.അശോകൻ ആയിരുന്നു ആദ്യ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. അദ്ദേഹം അന്തരിച്ചപ്പോൾ ടി.ഷാജിത്ത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായി. കേസിന്റെ തുടക്കത്തിൽ അഭിഭാഷകനായ സി.ഷുക്കൂറാണ് പ്രോസിക്യൂഷൻ ഭാഗം കൈകാര്യം ചെയ്തത്. കേസിൽ യുഎപിഎ ചുമത്തണമെന്ന് ഇദ്ദേഹമാണ് ആവശ്യപ്പെട്ടത്.
Post a Comment