(www.kl14onlinenews.com)
(18-MAR-2024)
വേനൽച്ചൂടിൽ വെന്തുരുകി കേരളം, ഇനിയുള്ള ദിവസങ്ങളിൽ രക്ഷയില്ല; ചുട്ടു പൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ 20 വരെ ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് എഴ് ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഈ എഴ് ജില്ലകളിലും നാല് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൂട് സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ ഏപ്രിൽ മാസം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് പാലക്കാടും പുനലൂരുമാണ്. സമീപ വർഷങ്ങളിലായി മുഴുവൻ ജില്ലകളിലും സാധാരണ താപനിലയെക്കാൾ ചൂട് വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. മാർച്ച് മാസം തുടങ്ങിയത് മുതൽ പുനലൂരിൽ 37 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തിയത്. സാധാരണയായി മാർച്ച് മാസം അനുഭവപ്പെടുന്ന പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഇതിനെ കടത്തിവെട്ടിയാണ് ഇപ്പോൾ താപനില ഉയർന്ന ഉയർന്നിരിക്കുന്നത്.
ഇന്നലെ വരെ സംസ്ഥാനത്ത് 1.4 മില്ലി ലിറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ശരാശരി 18.1 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണിത്. കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഇതുവരെ വേനൽ മഴ എത്തിയിട്ടില്ല. നേരിയ മഴ ലഭിച്ചത് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ മാത്രമാണ്. മാർച്ച് അവസാന വാരവും ഏപ്രിൽ രണ്ടാം വാരവും മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം
Post a Comment