കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുടെ ഹര്‍ജി തളളി സുപ്രീംകോടതി

(www.kl14onlinenews.com)
(22-MAR-2024)

കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുടെ ഹര്‍ജി തളളി സുപ്രീംകോടതി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ജോളിയുടെ ഹര്‍ജി തളളി സുപ്രീം കോടതി. കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് ജോളി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. രണ്ടര വര്‍ഷമായി ജയിലാണെന്ന് ജോളി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയെങ്കില്‍ ജാമ്യപേക്ഷ നല്‍കാന്‍ ആയിരുന്നു കോടതിയുടെ മറുപടി. ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. കേരളത്തിലെ പ്രമാദമായ കേസ് എന്നാണ് കൂടത്തായി കേസ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. അഭിഭാഷകന്‍ സച്ചിന്‍ പവഹ ജോളിക്കായി ഹാജരായി.

ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകന്‍ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു.

പിന്നാലെ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post