കേജ്‌രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ പ്രതിഷേധക്കടൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മമത

(www.kl14onlinenews.com)
(22-MAR-2024)

കേജ്‌രിവാളിന്റെ അറസ്റ്റിൽ ഡൽഹിയിൽ പ്രതിഷേധക്കടൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മമത
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി. കേന്ദ്രം പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ ബോധപൂർവ്വം ഉന്നം വയ്ക്കുകയാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നത് അതിരുകടന്ന നടപടിയാണെന്ന് മമത വിമർശിച്ചു.

ഡൽഹിയിൽ ബിജെപി ഓഫിസുകളിലേക്ക് എഎപി പ്രതിഷേധ മാർച്ച് നടത്തി. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് മാർച്ച് നയിച്ചത്. മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഡൽഹി മദ്യനയ അഴിമതി കേസിൽ നിരവധി തവണ സമയൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി 9 മണിയോടെ അറസ്റ്റ് ചെയ്തത്. കേസിലെ നിയമനടപടിയിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.

Post a Comment

Previous Post Next Post