അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് കേജ്‌രിവാൾ

(www.kl14onlinenews.com)
(22-MAR-2024)

അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് കേജ്‌രിവാൾ

ന്യൂഡൽഹി: ഡല്‍ഹി മദ്യനയക്കേസിൽ അറസ്റ്റിനെതിരെ അരവിന്ദ് കേജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹർജി പിൻവലിക്കുന്നതായി കേജ്‌രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് കോടതിയെ അറിയിച്ചത്

അതിനിടെ, കേജ്‌രിവാളിനെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡി അപേക്ഷ നൽകാനാണ് എൻഫോഴ്‌സ്മെന്റ് നീക്കം. വ്യാഴാഴ്ച രാത്രി ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നത്.

അതേസമയം, മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ ജാമ്യ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജസ്റ്റിസുമാരായ എം.എം.സുന്ദരേശ്, ബേല ത്രിവേദി എന്നിവരും ബെഞ്ചിലുണ്ട്.

കേജ്‌രിവാളിന്റെ കുടുംബം വീട്ടു തടങ്കലിലെന്ന് എഎപി ആരോപിച്ചു. ആരെയും കാണാൻ കുടുംബത്തെ അനുവദിക്കുന്നില്ല. ''തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രായമായ മാതാപിതാക്കളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ കളിക്കുന്ന സൈക്കോളജിക്കൽ ഗെയിമാണിത്. ബ്രിട്ടീഷുകാർ പോലും ഇത്രയും നാണംകെട്ട പ്രവൃത്തി കാണിച്ചിട്ടില്ല,” എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

മദ്യനയ കേസിൽ 9 തവണ സമൻസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേജ്‌‌രിവാളിനെ നോർത്ത് ഡൽഹിയിലെ സിവിൽ ലൈനിലുള്ള ഔദ്യോഗിക വസതിയിൽ എത്തി 12 അംഗ ഇ.ഡി സംഘം അറസ്റ്റ് ചെയ്തത്.

അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഡൽഹിയിൽ ഉണ്ടായത്. ആം ആദ്മി പാര്‍ട്ടി നേതാക്കളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടമാണ് കേജ്‌രിവാളിന്റെ വസതിക്കു പുറത്ത് തടച്ചുകൂടിയത്. കൂടാതെ രജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികളും കേജ്‌രിവാളിന് പിന്തുണയുമായി രംഗത്തെത്തി

കേജ്‌രിവാളിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കുടുംബത്തെ രാഹുൽ ഗാന്ധി ഇന്ന് നേരിട്ട് കാണുമെന്നും റിപ്പോർട്ടുണ്ട്. ജനരോഷം നേരിടാൻ ബിജെപിയെ താക്കീത് ചെയ്താണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിഷയത്തിൽ പ്രതികരിച്ചത്.

"ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത്," അറസ്റ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

മനീഷ് സിസോദിയ, മുൻ എംപി സഞ്ജയ് സിങ്, കെ.കവിത എന്നിവര്‍ക്കു ശേഷം മദ്യനയ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ നേതാവാണ് അരവിന്ദ് കേജ്‌രിവാൾ.

Post a Comment

Previous Post Next Post