അവസാന ഓവറുകളിൽ കളി പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്; വീണ്ടും ആദ്യ കളി തോറ്റ് മുംബൈ

(www.kl14onlinenews.com)
(24-MAR-2024)

അവസാന ഓവറുകളിൽ കളി പിടിച്ച് ഗുജറാത്ത് ടൈറ്റൻസ്; വീണ്ടും ആദ്യ കളി തോറ്റ് മുംബൈ

അഹമ്മദാബാദ് : ഐപിഎൽ 17–ാം സീസണിൽ, പുതിയ നായകനുമായിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 7 റൺസിന്റെ ജയമാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. 169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയുടെ ഇന്നിങ്സ് 162ൽ അവസാനിച്ചു. ഇംപാക്ട് പ്ലെയറായി ഇറങ്ങി 46 റൺസ് നേടിയ ഡിവാൾഡ് ബ്രെവിസ് ആണ് മുംബൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റു നഷ്ടപ്പെടുകയും റൺസ് കണ്ടെത്താവാതെ വരികയും ചെയ്തതോടെ മുംബൈ തോൽവി ഏറ്റുവാങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് അക്കൗണ്ട് തുറക്കും മുൻപ് ഓപ്പണർ‌ ഇഷാൻ കിഷനെ (0) ന‌ഷ്ടമായി. അസ്മത്തുല്ല ഒമർസായിയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പിടിച്ചാണ് താരം പുറത്തായത്. സ്കോർ 30ൽ നിൽക്കേ നമൻ ധിറിനെ വിക്കറ്റിനുമുന്നിൽ കുടുക്കി അസ്മത്തുല്ല രണ്ടാമത്തെ പ്രഹരമേൽപ്പിച്ചു. എന്നാൽ പിന്നാലെ ഇംപ‌ാക്ട് പ്ലെയറായി കളത്തിലെത്തിയ ഡിവാൾഡ് ബ്രെവിസിനൊപ്പം രോഹിത് ശർമ സ്കോറുയർത്തി.

ടീം സ്കോർ 107ൽ നിൽക്കേ 13–ാം ഓവറിൽ രോഹിത് മടങ്ങി. 29 പന്തിൽ 1 സിക്സും 7 ഫോറും സഹിതം 43 റൺസെടുത്ത താരത്തെ സായ് കിഷോർ വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു. നിലയുറപ്പിച്ചു കളിച്ച ഡിവാൾഡ് ബ്രെവിസിനെ (38 പന്തിൽ 46) 16–ാം ഓവറിൽ മോഹിത് ശർ‌മ മടക്കി. അർധ സെഞ്ചറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ റിട്ടേൺ ക്യാച്ചിലൂടെയാണ് മോഹിത് കൂടാരം കയറ്റിയത്.

10 പന്തിൽ 11 റൺസെടുത്ത ടിം ഡേവിഡിനെ മോഹിത് ഡേവിഡ് മില്ലറുടെ കൈകളിലെത്തിച്ചു. 19–ാം ഓവറിൽ തിലക് വർമയെയും (19 പന്തിൽ 25) ജെറാൾഡ് കോട്സിയെയും (1) മടക്കിയ സ്പെൻസർ ജോൺസkൻ മുംബൈയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (4 പന്തിൽ 11) കൂടി മടങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

മുംബൈയ്ക്കായി തിളങ്ങി ബുമ്ര

ടോസ് നേടി ബോളിങ് തിര​ഞ്ഞെടുത്ത മുംബൈയ്ക്കായി 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 മുൻനിര ബാറ്റർമാരെയാണ് ബുമ്ര മടക്കിയത്. 39 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ടൈറ്റൻസ് 168 റൺസ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സ്കോർ 31ൽ നിൽക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. 19 റൺസെടുത്ത വൃദ്ധിമാൻ സാഹയെ ബുമ്ര ക്ലീൻ ബോൾഡാക്കി. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (31) പിയുഷ് ചൗള രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമർസായ് 17 റൺസെടുത്ത് മടങ്ങി. വമ്പനടിക്ക് മുതിർന്ന ഡേവിഡ് മില്ലറെ (12) ബുമ്ര ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.

നിലയുറപ്പിച്ചു കളിച്ച സായ് സുദർശൻ, ബുമ്രയെറിഞ്ഞ 17–ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറുകളിൽ സ്കോർ ഉയർത്തിയ രാഹുൽ തെവാത്തിയയെ (15 പന്തിൽ 22) ജെറാൾഡ് കോട്സീ നമാൻ ധിറിന്റെ കൈകളിലെത്തിച്ചു. വിജയ് ശങ്കർ (6*), റാഷിദ് ഖാൻ (4*) എന്നിവർ പുറത്താകാതെ നിന്നു. മുംബൈയ്ക്കായി കോട്സീ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി.

Post a Comment

Previous Post Next Post