കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

(www.kl14onlinenews.com)
(15-MAR-2024)

കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ പോസ്കോ കേസ്. കഴിഞ്ഞ മാസം ബെംഗളൂരുവിലെ തൻ്റെ വസതിയിൽ വച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം (പോക്‌സോ) വ്യാഴാഴ്ച കേസെടുത്തത്.

അമ്മക്കൊപ്പം സഹായം അഭ്യർത്ഥിച്ച് എത്തിയ 17 കാരിയോട് മോശമായി പെരുമാറിയെന്നാണ് മുൻ മുഖ്യമന്ത്രിയ്ക്കെതിരായ കേസ്. ഫെബ്രുവരി 2ന് സഹായം അഭ്യർത്ഥിച്ച് യെദിയൂരപ്പയുടെ വസതി സന്ദർശിച്ചപ്പോഴാണ് സംഭവമുണ്ടായതെന്നും, കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് 81 കാരനായ യെദിയൂരപ്പയ്‌ക്കെതിരെ കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും, യെദിയൂരപ്പ പിന്നീട് മാപ്പ് പറയുകയും ഇക്കാര്യം പുറത്ത് പറയരുതെന്ന് യുവതിയോട് ആവശ്യപ്പെട്ടെന്നുമാണ് എഫ്ഐആർ റിപ്പോർട്ട്.

പോക്‌സോ നിയമം- സെക്ഷൻ 8 (ലൈംഗിക അതിക്രമം), ഇന്ത്യൻ ശിക്ഷാ നിയമം- സെക്ഷൻ 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരമാണ് ബെംഗളൂരു സദാശിവനഗർ പൊലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post