അധികാരത്തിലെത്തിയാൽ വായ്പകൾ എഴുതിത്തള്ളി കർഷകരെ ജിഎസ്ടി പരിധിയിൽ നിന്നും ഒഴിവാക്കും; രാഹുൽ ഗാന്ധി


(www.kl14onlinenews.com)
(14-MAR-2024)

അധികാരത്തിലെത്തിയാൽ വായ്പകൾ എഴുതിത്തള്ളി കർഷകരെ ജിഎസ്ടി പരിധിയിൽ നിന്നും ഒഴിവാക്കും; രാഹുൽ ഗാന്ധി

മുംബൈ: രാജ്യത്തെ കർഷകരാണ് ഇന്ത്യയെ ശക്തവും സുസ്ഥിരവുമായ രാജ്യമായി നിലനിർത്തുന്നതെന്ന് രാഹുൽ ഗന്ധി. ഇന്ത്യയിൽ നിലവിലെ പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും പ്രധാനമന്ത്രി ഫസൽ ബീമാ യോജന പുനഃക്രമീകരിക്കുമെന്നും രാഹുൽ പറഞ്ഞു. ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കുന്നത് ഉറപ്പാക്കാനും ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നാസിക് ജില്ലയിലെ ചന്ദ്വാഡിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

കർഷകർ കാരണം രാജ്യം ശക്തവും ഐക്യമുള്ളതുമാണ്. അല്ലെങ്കിൽ, അത് പൊളിഞ്ഞുപോകുമായിരുന്നു. ഞങ്ങളുടെ വാതിലുകൾ നിങ്ങൾക്കായി എല്ലായ്‌പ്പോഴും തുറന്നിരിക്കുന്നു, കർഷക സമൂഹത്തിന്റെ ദുരവസ്ഥയോട് വിവേകമില്ലാത്ത ബിജെപി സർക്കാരിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ നിങ്ങൾക്കായി സാധ്യമായതെല്ലാം ചെയ്യും, ”രാഹുൽ പറഞ്ഞു.

കർഷകർ ഇപ്പോൾ ഡൽഹിയിൽ പ്രക്ഷോഭത്തിലാണെന്നും എന്നാൽ ഡൽഹിയിലെ ബിജെപി സർക്കാരിന് അവരുമായി ചർച്ച നടത്താൻ പോലും സമയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ, നിങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. നിങ്ങൾ ഒരു പ്രശ്‌നത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും അതിനുള്ള പ്രതിവിധി ആവശ്യമാണ്. ആ പരിഹാരങ്ങൾ ഞങ്ങൾ നിങ്ങൾക്കായി നടപ്പാക്കും, ”രാഹുൽ പറഞ്ഞു.

കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നത് തങ്ങളുടെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട് ഘടകമാണെന്ന് വ്യക്തമാക്കിയ രാഹുൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് തങ്ങൾ കർഷകരുടെ 70,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായും കണക്കുകൾ നിരത്തി പറഞ്ഞു. എന്നാൽ ബിജെപി ഒരിക്കലും കർഷകരുടെ കടം എഴുതിത്തള്ളില്ല. ബി.ജെ.പി സർക്കാർ നിരവധി ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. ശതകോടീശ്വരന്മാരുടെ വായ്പ എഴുതിത്തള്ളാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ വായ്പകൾ എഴുതിത്തള്ളാൻ ബിജെപിക്ക് കഴിയുന്നില്ലെന്നും രാഹുൽ ചോദിച്ചു.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി നിലവിൽ പ്രകൃതിദുരന്തങ്ങളാൽ വലയുന്ന കർഷകരെ സഹായിക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു. "ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ, പ്രകൃതി ദുരന്തങ്ങളിൽ നിങ്ങൾക്ക് ആവശ്യമായ പരിരക്ഷ നൽകുന്ന തരത്തിൽ ഫസൽ ബീമാ യോജന പുനഃക്രമീകരിക്കും," അദ്ദേഹം പറഞ്ഞു.

കർഷകർക്ക് മിനിമം താങ്ങുവില (എംഎസ്പി) ആവശ്യമാണെന്നും ഇക്കാര്യം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ എംഎസ്പി സാധ്യമല്ലെന്നാണ് മോദി സർക്കാർ പറയുന്നത്. എന്നാൽ അത് സാധ്യമാണെന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങൾ എംഎസ്പിക്ക് നിയമപരമായ പദവി നൽകും, ”രാഹുൽ പറഞ്ഞു.

ജിഎസ്ടി മാത്രമല്ല, കർഷകരുടെ വിവിധ തരത്തിലുള്ള നികുതികൾ അവരുടെ വരുമാനത്തെ ഗണ്യമായി കുറയ്ക്കുന്നു. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ, കർഷകർ ഒരു നികുതി മാത്രമേ അടയ്‌ക്കുകയുള്ളൂവെന്ന് ഉറപ്പാക്കുകയും കർഷകരെ ജിഎസ്‌ടിയുടെ പരിധിയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിക്കുകയും ചെയ്യും. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇറക്കുമതി, കയറ്റുമതി നയങ്ങൾ ഉള്ളി കർഷകർക്ക് അനുകൂലമാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേന്ദ്രം അധികാരത്തിൽ വന്നതിനുശേഷം കർഷകരോട് നിരന്തരം അനീതിയാണ് കാണിക്കുന്നതെന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എൻസിപി നേതാവ് ശരദ് പവാറും വിമർശിച്ചു. 'കർഷകരുടെ പ്രശ്‌നങ്ങളിൽ മോദി സർക്കാരിന് ആശങ്കയില്ല. കർഷകർ പ്രക്ഷോഭം നടത്തുകയും പ്രതിഷേധിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു, എന്നാൽ ഡൽഹിയിലെ മോദി സർക്കാരിന് രാജ്യത്തെ മുഴുവൻ പോറ്റുന്ന കർഷകർക്കായി ഒന്നും ചെയ്യാനാകുന്നില്ലെന്ന് പവാർ പറഞ്ഞു.

സംസ്ഥാന എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീലും ശിവസേന (യുബിടി) എംപി സഞ്ജയ് റാവുത്തും ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുലിനൊപ്പം ചേർന്നു. ബിജെപിക്കെതിരായ പോരാട്ടം തുടരാൻ എല്ലാ പിന്തുണയും ഇരു നേതാക്കളും രാഹുലിന് വാഗ്ദാനം ചെയ്തു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാനാ പടോലെ, കോൺഗ്രസ് എംഎൽഎമാരായ യശോമതി താക്കൂർ, വിശ്വജീത് കദം എന്നിവരും നിരവധി കോൺഗ്രസ് നേതാക്കളും റാലിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post