കാസർകോട് കുറ്റിക്കോലില്‍ സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ

(www.kl14onlinenews.com)
(04-Mar-2024)

കാസർകോട് കുറ്റിക്കോലില്‍ സഹോദരൻ അനിയനെ വെടിവെച്ച് കൊന്നു; കൊലപാതകം മദ്യലഹരിയിൽ

കാസർകോട്: കുറ്റിക്കോൽ നൂഞ്ഞിങ്ങാനത്ത് കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെടിവെച്ച് കൊന്നു. വളവിൽ നൂഞ്ഞിങ്ങാനത്തെ കെ. അശോകൻ (46) ആണ് കൊല്ലപ്പെട്ടത്. അശോകന്റെ സഹോദരൻ ബാലു എന്നറിയപ്പെടുന്ന കെ. ബാലകൃഷ്ണനെ (49) ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവർ മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഞായറാഴ്ചയും പതിവുപോലെ സന്ധ്യയോടെ ഇരുവരും വഴക്ക് കൂടി. വരാന്തയിൽ ഇരിക്കുകയായിരുന്ന ബാലകൃഷ്ണന്റെ കാലിൽ അശോകൻ വെട്ടുകല്ല് കൊണ്ടിടുകയായിരുന്നു. തുടർന്ന് വീട്ടിൽനിന്നിറങ്ങിയ ബാലകൃഷ്ണൻ അയൽവാസിയായ മാധവൻ നായരുടെ വീട്ടിൽനിന്നും തോക്ക് സംഘടിപ്പിച്ച് തിരികെ വന്ന് അശോകന് നേരെ വെടിയുതിർത്തു.

ശബ്ദം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാർ അശോകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. യാത്രാസൗകര്യം കുറഞ്ഞ സ്ഥലമായതിനാൽ രാത്രി 12 മണിയോടെയാണ് അശോകനെ ആശുപത്രിയിലെത്തിച്ചത്. തുടയിൽ വെടിയേറ്റ അശോകൻ ചോര വാർന്നാണ് മരിച്ചതെന്നതാണ് പ്രാഥമിക നിഗമനം. പ്രതി ബാലകൃഷ്ണൻ അവിവാഹിതനാണ്

Post a Comment

Previous Post Next Post