(www.kl14onlinenews.com)
(13-MAR-2024)
ബിഹാറിൽ 40 ൽ 11 സീറ്റുകളിൽ മത്സരിക്കുമെന്ന് അറിയിച്ച് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം. പാർട്ടി എംഎൽഎയും സംസ്ഥാന അധ്യക്ഷനുമായ അക്തറുൽ ഇമാൻ ആണ് ബിഹാറിൽ മത്സരിക്കുന്ന കാര്യം വ്യക്തമാക്കിയത്. എഐഎംഐഎം മത്സരിക്കുന്നത് ഇൻഡ്യ മുന്നണിക്ക് ബിഹാറിൽ തിരിച്ചടിയാകും.
‘ബിഹാറിലെയും ദേശീയ തലത്തിലെയും മതേതര വോട്ടുകൾ സംരക്ഷിക്കാൻ ഞങ്ങൾ ഏറെ ശ്രമിച്ചു. എന്നാൽ ഇവർ ഞങ്ങളുടെ പുറകിൽ നിന്ന് കുത്തി. ഞങ്ങളുടെ ആളുകളെ കൊണ്ടുപോയി. എന്നാൽ രാഷ്ട്രത്തിന്റെയും പിന്നാക്കക്കാരുടെയും ദളിതരുടെയും താത്പര്യങ്ങൾക്ക് പിന്തുണ നൽകേണ്ടത് പ്രധാനമാണ്’, എന്ന് എംഎൽഎ അഖ്തറുൽ ഇമാൻ പറഞ്ഞു. തങ്ങളുടെ മത്സരം ഭരണത്തിന് വേണ്ടിയല്ല, പകരം രാജ്യത്ത് പിന്നാക്കമായ ജനങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരാരിയ, പുർണിയ, കതിഹാർ, കിഷൻഗഞ്ച്. ദർഭാൻഗ, മുസഫർപൂർ, ഉജിയർപൂർ, കരാകത്, ബുക്സാർ, ഗയ, ഭഗൽപൂർ എന്നീ മണ്ഡലങ്ങളിലാണ് എഐഎംഐഎം മത്സരിക്കുന്നത്. കിഷൻഗഞ്ചിൽ അക്തറുൽ ഇമാൻ സ്ഥാനാർഥിയാകുമെന്ന് അസദുദ്ദീൻ ഉവൈസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ ഇൻഡ്യ മുന്നണി വിട്ട് എൻഡിഎയിൽ ചേർന്ന് മാസങ്ങൾക്കുള്ളിലാണ് എഐഎംഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ നിന്ന് ഒരു സീറ്റിൽ മാത്രമാണ് എഐഎംഐഎം മത്സരിച്ചത്. കിഷൻഗഞ്ചിൽ നിന്നായിരുന്നു എഐഎംഐഎം സ്ഥാനാർത്ഥി ജനവിധി തേടിയത്. രാജ്യത്താകെ മൂന്ന് മണ്ഡലങ്ങളിൽ നിന്നാണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം മത്സരിച്ചത്. ഇതിൽ ഹൈദരാബാദിലും ഔറങ്കാബാദിലും ഹ2ൈദരാബാദിലും എഐഎംഐഎം വിജയിച്ചിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം അഞ്ച് സീറ്റുകൾ നേടിയിരുന്നു. എന്നാൽ 2022 ൽ അഞ്ചിൽ നാല് എംഎൽഎമാർ പാർട്ടി വിട്ട് ആർജെഡിയിൽ ചേരുകയായിരുന്നു.
Post a Comment