ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി മത്സരിക്കും

(www.kl14onlinenews.com)
(28-FEB-2024)

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത് ഇ.ടി, പൊന്നാനിയില്‍ സമദാനി മത്സരിക്കും

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും മത്സരിക്കും. രാജ്യസഭാ സ്ഥാനാർഥിയെ പിന്നീട് തീരുമാനിക്കും. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു അടക്കമുള്ളവരെ പൊന്നാനിയിൽ പരിഗണിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് സമദാനിക്ക് നറുക്ക് വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് നവാസ് കനി മത്സരിക്കും. ഡി.എം.കെ-കോൺഗ്രസ് മുന്നണിയുടെ ഭാഗമായാണ് തമിഴ്‌നാട്ടിൽ ലീഗ് മത്സരിക്കുന്നത്.

പൊന്നാനിയിൽ മുസ്‌ലിം ലീഗിൽനിന്ന് പുറത്തുപോയ കെ.എസ് ഹംസയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സമസ്തയിലെ ലീഗ് വിരുദ്ധരുടെ പിന്തുണ ഹംസക്കുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കെ.എസ് ഹംസയുടെ സോഷ്യൽ മീഡിയ പേജുകളിൽ വിജയാശംസകളുമായി നിരവധി സമസ്ത പ്രവർത്തകരുടെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ലീഗ് വോട്ടുകൾ ഭിന്നിക്കുന്നത് മറികടക്കാൻ സമദാനിയുടെ സ്ഥാനാർഥിത്വത്തിലൂടെ സാധിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ.
പൊന്നാനിയിലെ നാല് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കയ്യിലാണ്. താനൂർ, തൃത്താല, തവനൂർ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് മേധാവിത്തമുണ്ട്. കോട്ടക്കൽ, തിരൂരങ്ങാടി മണ്ഡലങ്ങളിലെ മുന്നേറ്റമാണ് ലീഗിന്റെ വിജയത്തിൽ നിർണായകമാവുക. കെ.ടി ജലീൽ, വി. അബ്ദുറഹ്‌മാൻ, എം.ബി രാജേഷ് തുടങ്ങിയവരുടെ സ്വാധീനവും ലീഗിന് തലവേദന സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി വോട്ടുകൾ സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സമദാനിയെ ലീഗ് കളത്തിലിറക്കുന്നത്.

തമിഴ്നാട് രാമനാഥപുരത്തെ മുസ്ലീം ലീഗിന്‍റെ സിറ്റിങ് എം പി.കെ. നവാസ് ഖനി തന്നെയാണ് ഇപ്രാവശ്യത്തേയും സ്ഥാനാർഥി. ഡിഎംകെ സഖ്യത്തിലാണ് തമിഴ്നാട്ടിൽ ലീഗ് മൽസരിക്കുന്നത്. മൂന്നാം സീറ്റിന് പകരമായി ഇനി ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് ലീഗ് ഏറ്റെടുക്കും. എന്നാൽ സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ ഇന്നത്തെ യോഗത്തിലുണ്ടായില്ല.

Post a Comment

Previous Post Next Post