പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിൽ; ഗഗൻയാൻ പദ്ധതികൾ അവലോകനം ചെയ്തു

(www.kl14onlinenews.com)
(27-FEB-2024)

പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിൽ; ഗഗൻയാൻ പദ്ധതികൾ അവലോകനം ചെയ്തു
തിരുവനന്തപുരം :
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാവിലെ 10.50ഓടെ തിരുവനന്തപുരം ടെക്‌നിക്കൽ എയർപോർട്ടിലേക്ക് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിന് വേണ്ടി മന്ത്രി ജി.ആർ. അനിൽകുമാറാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവരും മോദിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിലെ (വിഎസ്എസ്‌സി) ഔദ്യോഗിക ചടങ്ങിലാണ് മോദി ആദ്യം പങ്കെടുക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അദ്ദേഹത്തെ സ്വീകരിച്ച് ഗഗൻയാൻ പദ്ധതികളുടെ ഘട്ടങ്ങൾ വിശദീകരിച്ചു.

രാജ്യത്തെ സുപ്രധാന ​ദൗത്യമായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ ചുറ്റിക്കണ്ട് വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു സംസാരിക്കും. എസ്.എസ്.സിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.

മോദിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്നത്. ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ശംഖുമുഖത്ത് എത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളന പൊതുയോഗത്തിൽ മോദി സംസാരിക്കും.

രണ്ടു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 10ന് ആരംഭിക്കുന്ന കേരള പദയാത്ര സമാപന ചടങ്ങില്‍ ഉച്ചക്ക് 12 മുതല്‍ ഒരു മണി വരെയാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

വിക്രം സാരാഭായ് സ്‌പേസ് സെൻ്ററിലെ (വിഎസ്എസ്‌സി) ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്ത ശേഷം, പ്രധാനമന്ത്രി സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിൽ എത്തുമെന്നാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഇന്നലെ അറിയിച്ചത്.

ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേര് മോദി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെഡ്യൂൾ അനുസരിച്ച്, ഇത്തവണ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടാകില്ലെന്നും, പൊതുയോഗത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് തിരിക്കുമെന്നും, ബുധനാഴ്ച തിരികെ ഡൽഹിക്ക് മടങ്ങുമെന്നും, വി.വി. രാജേഷ് പറഞ്ഞു. മോദിക്ക് കേരളത്തോട് പ്രത്യേക സ്‌നേഹമുണ്ടെന്നും സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തുഷ്ടനാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിൽ നിന്ന് വേദിയിലേക്ക് പോകുന്ന വഴിയോരങ്ങളിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി പ്രവർത്തകർ കൂറ്റൻ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച സുരക്ഷാ പരിശീലനങ്ങൾ നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്, വേദിയുടെ സുരക്ഷ എസ്പിജിയാണ് ഏറ്റെടുത്തിരിക്കുന്നത്.

നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും നാളെ പകല്‍ 11 മണി മുതല്‍ 2 വരെയുമാണ് നിയന്ത്രണം. വിമാനത്താവളം, ശംഖുമുഖം, കൊച്ചുവേളി, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്‍ സെയിന്റ്‌സ് ജംക്ഷന്‍ മുതല്‍ ചാക്ക, പേട്ട, പാളയം, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

ഇതിനൊപ്പം സെക്രട്ടേറിയറ്റിനും സെന്‍ട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിന് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. നാളെ വിമാനത്താവളം, ശംഖുമുഖം, ഓള്‍ സെയിന്റ്‌സ്, ചാക്ക, ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. നിയന്ത്രണം ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നത് കര്‍ശനമായി നിരോധിച്ചതായും പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم