വിമാനം പുറപ്പെടാന്‍ 7 മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ്; പൈലറ്റിനെ തല്ലി യാത്രക്കാരന്‍

(www.kl14onlinenews.com)
(15-JAN-2024)

വിമാനം പുറപ്പെടാന്‍ 7 മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ്; പൈലറ്റിനെ തല്ലി യാത്രക്കാരന്‍
ഡൽഹി :
വിമാനം പുറപ്പെടാന്‍ ഏഴുമണിക്കൂര്‍ വൈകുമെന്ന് അറിയിച്ച പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രക്കാരെല്ലാം കയറിയിരുന്നതിന് പിന്നാലെയാണ് വിമാനം പുറപ്പെടാന്‍ വൈകുമെന്ന് പൈലറ്റ് പ്രഖ്യാപിച്ചത്. ഇതോടെ നിയന്ത്രണം വിട്ട യാത്രക്കാരിലൊരാള്‍ മുന്നിലേക്ക് ഓടിയെത്തി പൈലറ്റിനെ അടിക്കുകയായിരുന്നു. സഹയാത്രക്കാരെത്തി ഇയാളെ ശാന്തനാക്കി സീറ്റിലിരുത്തി. യാത്രക്കാരില്‍ ഒരാളാണ് സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമമായ 'എക്സി'ല്‍ പങ്കുവച്ചത്.

അതേസമയം, വിമാനം വൈകുന്നതില്‍ പൈലറ്റിനെന്ത് ചെയ്യാന്‍ കഴിയുമെന്നും അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും വിഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചു. പൈലറ്റിനെ മര്‍ദിച്ചയാളെ അറസ്റ്റ് ചെയ്ത് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം വൈകുന്നതും മറ്റു പ്രശ്നങ്ങളും ഇന്‍ഡിഗോയില്‍ നിന്ന് അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ സംഭവത്തില്‍ കുറ്റക്കാരന്‍ യാത്രക്കാരനാണെന്നും മറ്റൊരാള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. പൈലറ്റിെന ആക്രമിച്ച യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Post a Comment

أحدث أقدم