(www.kl14onlinenews.com)
(02-JAN-2024)
പുതുവത്സര ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ (earthquakes jolted Japan) മരണം 50 ആയി. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 155 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിൽ ആറിലധികം ഭൂചലനങ്ങൾ റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. പ്രാരംഭ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. 5 അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് തീരദേശത്ത് ഭീതി പരത്തി അടിച്ചുകയറിയത്. ചൊവ്വാഴ്ച ഏകദേശം 33,000 വീടുകളിൽ വൈദ്യുതി നഷ്ടമായതായി അധികൃതർ അറിയിച്ചു. പ്രധാന ഹൈവേകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നിരവധി പ്രധാന റൂട്ടുകൾ പ്രവർത്തനരഹിതമാണ്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായും വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാന സർവീസുകളും റെയിൽ സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) അറിയിച്ചു. ഇതോടെയാണ് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. തലസ്ഥാനമായ ടോക്കിയോയിലും കാന്റോ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റഷ്യയുടെ വിദൂര കിഴക്കൻ നഗരങ്ങളായ വ്ലാഡിവോസ്‌റ്റോക്കിലും നഖോദ്കയിലും സുനാമി മുന്നറിയിപ്പുണ്ട്. നാല് എക്‌സ്പ്രസ് വേകൾ, രണ്ട് അതിവേഗ റെയിൽ സർവീസുകൾ, 34 ലോക്കൽ ട്രെയിൻ ലൈനുകൾ, 16 ഫെറി ലൈനുകൾ എന്നിവ നിർത്തിവച്ചതായും ഭൂചലനത്തെ തുടർന്ന് 38 വിമാനങ്ങൾ റദ്ദാക്കിയതായും ജപ്പാൻ ഗതാഗത മന്ത്രാലയം അറിയിച്ചു.
ഭൂകമ്പത്തെത്തുടർന്ന് വാജിമയിലുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾ കത്തിനശിച്ചു. ജപ്പാന് ആവശ്യമായ ഏത് സഹായവും വാഗ്ദാനം ചെയ്യാൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
Post a Comment