(www.kl14onlinenews.com)
(01-JAN-2024)
പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റടക്കമുള്ളവര്‍ക്കെതിരെ കേസ്
പുതുവര്‍ഷ തലേന്ന് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറെ പാപ്പാഞ്ഞിയാക്കി കത്തിച്ച സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ അടക്കം 5 നേതാക്കള്‍ക്കെതിരെയും 20 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചതിനാണ് കേസ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മുഖം പതിപ്പിച്ച 30 അടി ഉയരമുള്ള കൂറ്റന്‍ കോലമാണ് പയ്യാമ്പലം ബീച്ചില്‍ എസ്എഫ്ഐ അഗ്നിക്ക് ഇരയാക്കിയത്. ഫോര്‍ട്ട് കൊച്ചിയില്‍ പ്രത്യേകം തയ്യാറാക്കിയ പാപ്പാഞ്ഞിയുടെ രൂപം കത്തിച്ച് കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന രീതി അനുകരിച്ചാണ് എസ്എഫ്ഐ പയ്യാമ്പലത്ത് ഗവര്‍ണറുടെ കോലം കത്തിച്ചത്.
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ നടത്തുന്ന സമരത്തിന്‍റെ തുടര്‍ച്ചയെന്നോണമായിരുന്നു കോലം കത്തിക്കല്‍ പ്രതിഷേധം. സര്‍വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം. നേരത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്.
إرسال تعليق