തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്.എഫ്.ഐ; ഇടുക്കിയിലെ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍

(www.kl14onlinenews.com)
(09-JAN-2024)

തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ കറുത്ത ബാനര്‍ ഉയര്‍ത്തി എസ്.എഫ്.ഐ; ഇടുക്കിയിലെ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍

തൊടുപുഴ: തൊടുപുഴ ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തിയത്. ജില്ലാ അതിർത്തിയിലെ മൂന്നിടത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി കാണിച്ചു.

അച്ഛകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവടങ്ങളിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞില്ല, അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തില്ല. ഗവർണറുടെ പരിപാടി നടക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് ഡിവൈഎഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തി. ഇവർ ഹാളിനുള്ളിലേക്ക് കയറാതെ പൊലീസ്  തടഞ്ഞു.

ഇടുക്കി ജില്ലയിൽ എൽഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ഗവർണർ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ അറിയിച്ചിരുന്നു. ഗവർണർ പങ്കെടുക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് എൽഡിഎഫ് പ്രകടനം നടത്തി.

രാവിലെ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യവർഷം നടത്തുകയും കറുത്ത ബാനർ ഉയർത്തുകയും ചെയ്തു. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്.  ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. 

ഗവർണർക്കു വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൊടുപുഴയിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്നു തന്നെയാണ്

ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര ആവശ്യപ്പെട്ടു. ഭരണഘടന ചുമതല വഹിക്കുന്ന ഒരാള്‍ വരുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും കാരുണ്യ പദ്ധതി ആര്‍ക്കും എതിരല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഗവര്‍ണറുമായുള്ള അഭിപ്രായ ഭിന്നത തെരുവിലല്ല തീര്‍ക്കേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.ആരെയും വെല്ലുവിളിക്കാന്‍ അല്ല തൊടുപുഴയില്‍ ഗവര്‍ണറുടെ പരിപാടി സംഘടിപ്പിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിള്ളിയില്‍ പറഞ്ഞു. ചാരിറ്റി പരിപാടിയുടെ ഉദ്ഘാടനം ആണ് നടക്കുന്നതെന്നും ഗവര്‍ണര്‍ വരുന്ന ദിവസം ഹര്‍ത്താല്‍ പ്രഖാപിച്ചത് ശരിയായില്ലെന്നും അദ്ദേഹവും അഭിപ്രായപ്പെട്ടു. പരിപാടി പ്രശ്‌നങ്ങള്‍ ഇല്ലാതെ നടത്താന്‍ ഇടത് മുന്നണി സഹകരിക്കണം. വ്യാപാരികള്‍ ആര്‍ക്കും എതിരല്ലെന്നും സംഘടനയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും സണ്ണി പൈമ്പള്ളിയില്‍ പറഞ്ഞു.


Post a Comment

Previous Post Next Post