പലസ്തീൻ അനുകൂല പോസ്റ്റർ: ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

(www.kl14onlinenews.com)
(08-JAN-2024)

പലസ്തീൻ അനുകൂല പോസ്റ്റർ: ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്
കോഴിക്കോട് ബീച്ചിലെ ഭക്ഷണശാലയിൽ (Food Court) പലസ്തീൻ അനുകൂല പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു (Police Case). കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന സ്റ്റാർ‌ബക്‌സ് ഔട്ട്‌ലെറ്റിലാണ് (Starbucks Outlet) ഫ്രെറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകരായ ആറുപേർ പോസ്റ്റർ പതിച്ച സംഭവം വിവാദമായത്. കോഴിക്കോട് ടൗൺ പൊലീസാണ് പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഫ്രെറ്റേണിറ്റി മൂവ്‌മെൻ്റ് സെക്രട്ടറിയെയും പ്രസിഡൻ്റിനെയും സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം പൊലീസ് നടപടിയ്ക്ക് എതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. ഇന്നുമുതൽ പൊസ്റ്റർ പതിപ്പിച്ചുവെന്ന കുറ്റം ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിദ്യാർത്ഥികൾ അറിയിട്ടുണ്ട്. ഒരു പോസ്റ്റർ പതിപ്പിച്ചതിന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വ്യക്തമാക്കി.

കർണാടകത്തിലും സമാനമായ സംഭവങ്ങൾ അരങ്ങേറുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാലസ്തീനെ പിന്തുണച്ച് വാട്സാപ്പ് സ്റ്റാറ്റസിട്ട 20കാരനെ അൽപനാൾ മുൻപ് കർണാടകയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കർണാടകയിലെ വിജയനഗർ സ്വദേശി ആലം പാഷ എന്ന യുവാവാണ് അന്ന് പൊലീസിൻ്റെ പിടിയിലായത്. ഇസ്രായേൽ -ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്‌പേട്ടിൽ ചിലർ പാലസ്തീന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അലം പാഷ പിടിയിലായത്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഭാഗമായെന്നും വ്യക്തമാക്കിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

Post a Comment

Previous Post Next Post