(www.kl14onlinenews.com)
(08-JAN-2024)
സ്കൂള്‍ കലോത്സവം: കലാകിരീടത്തിനായി പൊരിഞ്ഞ പോരാട്ടം; അവസാനദിനം കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമത്
കൊല്ലം :
കൊല്ലത്ത് നടക്കുന്ന 62-ാമത് സ്കൂൾ കലോത്സവത്തിൽ കലാകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ല പുലര്‍ത്തിയിരുന്ന ആധിപത്യം കലോത്സവത്തിന്‍റെ അവസാന ദിവസമാണ് കോഴിക്കോട് കൈയ്യടിക്കയത്.
901 പോയിന്‍റ് നേടിയാണ് കോഴിക്കോട് വീണ്ടും സ്വര്‍ണകപ്പില്‍ മുത്തമിടാന്‍ ഒരുങ്ങുന്നത്. 897 പോയിന്‍റുള്ള കണ്ണൂര്‍ രണ്ടാമതും 895 പോയിന്‍റുമായി പാലക്കാടും തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏതാനും മത്സരങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയന്റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്. 234 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര്‍ ബിഎസ്എസ് ഗുരുകുലമാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 116 പോയിന്‍റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് രണ്ടാമത്.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി ജി ആർ അനിൽ സുവനീർ പ്രകാശനം ചെയ്യും.
ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലത്തിന് ആതിഥേയരാകാൻ അവസരം ലഭിക്കുന്നത്. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. 24 വേദികളാണ് കൊല്ലം നഗരത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകളാണ് മാറ്റുരയ്ച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള താമസസൗകര്യം 31 സ്‌കൂളുകളുകളിലായാണ് ഒരുക്കിയിരുന്നത്. പതിനാല് സ്‌കൂളുകളിലായി 2475 ആൺകുട്ടികൾക്കും ഒമ്പത് സ്‌കൂളുകളിലായി 2250 പെൺകുട്ടികൾക്കുമാണ് താമസ സൗകര്യം. കൂടാതെ എല്ലാ ടൗൺ ബസ് സർവ്വീസുകളും കെഎസ്ആർടിസി, ഓർഡിനറി ബസുകളും ചിന്നക്കട ആശ്രമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സർവ്വീസ് തുടരും.
വേദികളിലേക്കും കെഎസ്ആർടിസിയും കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കുന്നതായിരിക്കും. ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകൾ വേദികളിൽ നിന്നും മറ്റു വേദികളിലേക്ക് മത്സരാർഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനവും നടത്തുന്നുണ്ട് ഈ ഓട്ടോറിക്ഷകൾ പ്രത്യേകം ബോർഡ് വെച്ചായിരിക്കും സജ്ജീകരിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചിരുന്നു.
Post a Comment