വീടുകളെല്ലാം പൂട്ടി, ഒപ്പം പൊലീസ് സുരക്ഷയും: വിധിക്ക് പിന്നാലെ ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ഒളിവിൽ

(www.kl14onlinenews.com)
(09-JAN-2024)

വീടുകളെല്ലാം പൂട്ടി, ഒപ്പം പൊലീസ് സുരക്ഷയും: വിധിക്ക് പിന്നാലെ ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ഒളിവിൽ
രൺധിക്പൂർ, സിംഗ്വാദ് എന്നീ ഗുജറാത്തീ ഗ്രാമങ്ങളിലേക്കെത്തുന്നവരെ സ്വീകരിക്കുക പൂട്ടിയ വീടുകളും അവയ്ക്ക് കാവൽ നിൽക്കുന്ന പൊലീസുകാരുമാണ്. പ്രമാദമായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളിൽ 9 പേരുടെ വീടുകളാണ് ഈ ഗ്രാമങ്ങളിലുള്ളത്. കേസിലെ പ്രതികൾക്ക് 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് ശേഷം സിംഗ്വാദിൽ എത്തിയ ഇന്ത്യൻ എക്സ്പ്രസ് സംഘത്തോട് ഇവരുടെ ബന്ധുക്കൾ നൽകിയ വിവരം പ്രതികളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നായിരുന്നു.

കേസ് കോൺഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് കുറ്റപ്പെടുത്തിയ പ്രതികളിലൊരാളായ ഗോവിന്ദ് നായിയുടെ (55) പിതാവായ അഖംഭായ് ചതുർഭായ് റാവൽ ഗോവിന്ദ് "ഒരാഴ്ച മുമ്പ്" വീട് വിട്ടുപോയെന്നാണ് വ്യക്തമാക്കിയത്. ഇയാൾ ശനിയാഴ്ച്ച തന്നെ വീടുവിട്ടിറങ്ങിയതായാണ് പ്രദേശത്തുള്ള ഒരു പൊലീസുകാരനും പറഞ്ഞത്. തങ്ങളുടെ മകനെതിരെയും കേസിലെ മറ്റൊരു കുറ്റവാളിയായ അഖംഭായിയുടെ സഹോദരൻ ജഷ്‌വന്ത് നായ്‌ക്കെതിരെയും ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ തീർത്തും കെട്ടിച്ചമച്ചതാണെന്ന് പ്രതികളുടെ മാതാപിതാക്കൾ എക്സ്പ്രസ് സംഘത്തോട് പറഞ്ഞു. പൂർണ്ണമായും ഹിന്ദു വിശ്വാസത്തിൽ ജീവിച്ചുപോരുന്ന തങ്ങളുടെ കുടുംബത്തിലെ ആർക്കും ഇത്തരത്തിലൊരു കുറ്റകൃത്യം നടത്താൻ കഴിയില്ലെന്നും ഇവർ പറയുന്നു.

ഗോവിന്ദ് കേസിലകപ്പെട്ട് ജയിലിൽ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയിരുന്നെങ്കിലും യാതൊരു ജോലിക്കും പോകാൻ കഴിഞ്ഞിരുന്നില്ല. അയോധ്യയിലെ രാമക്ഷേത്രത്തിലെ സേവനം നടത്താനുള്ള അവസരം ഗോവിന്ദിന് ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. പൂർണ്ണമായും നിയമത്തിന്റെ വഴിയിലാണ് ഗോവിന്ദ് ജയിലിൽ നിന്നും പുറത്തുവന്നത്. ഇനിയും ഒരിക്കൽ കൂടി അകത്ത് കിടക്കണമെന്നാണ് നിയമം പറയുന്നതെങ്കിൽ അതിനും തയ്യാറാണെന്നും 20 വർഷം ജയിലിൽ കിടന്ന ഗോവിന്ദിന് അതൊരു പുതിയ കാര്യമല്ലെന്നും അഖംഭായ് പറഞ്ഞു.

കുറ്റവാളികളുടെ വീടുകളിൽ കൃത്യം നടന്നതായി പറയുന്ന ബിൽക്കിസ് ബാനുവിന്റെ വീട്ടിൽ നിന്നും ഏറ്റവും ദൂരമുള്ള വീട് ഗോവിന്ദിന്റേതാണ്. ഗോധ്രയിൽ ട്രെയിൻ കത്തിച്ച സംഭവത്തിന് തൊട്ടുപിന്നാലെ 2002 ഫെബ്രുവരി 28 ന് ബിൽക്കീസും കുടുംബവും രന്ധിക്പൂരിലെ വീട് വിട്ടിരുന്നു. തുടർന്ന് 2002 മാർച്ച് 3 നാണ് അവർ കൂട്ടബലാത്സംഗത്തിനിരയായത്. ദാഹോദിലെ ലിംഖേഡ താലൂക്കിൽ ബിൽക്കീസിന്റെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെയും ആൾക്കൂട്ടം കൊലപ്പെടുത്തി. ഇതിൽ ആറ് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല

കേസിൽ 2008 ജനുവരി 21 ന് സിബിഐ പ്രത്യേക കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗോവിന്ദ്ിനെ കൂടാതെ മറ്റൊരു കുറ്റവാളിയായ രാധശ്യാം ഷാ കഴിഞ്ഞ 15 മാസമായി വീട്ടിലില്ലെന്നാണ് പിതാവ് ഭഗവാൻദാസ് ഷാ പറഞ്ഞത്. എന്നാൽ ഇയാളുൾപ്പെടെ മിക്കവാറും എല്ലാ കുറ്റവാളികളെയും ഞായറാഴ്ച വരെ പരസ്യമായി കണ്ടിരുന്നതായി ഇവരുടെ അയൽവാസികളും ഗ്രാമത്തിലെ കടയുടമകളും സാക്ഷ്യപ്പെടുത്തുന്നു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കുമായിരുന്നു, പക്ഷേ..'; ബില്‍ക്കിസ് ബാനോ കേസില്‍ മുന്‍ ജഡ്ജി
ബില്‍ക്കിസ് ബാനോ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ(death penalty) നല്‍കുമായിരുന്നുവെന്ന് 11 പേരെയും ജീവപര്യന്തം തടവിന്(life imprisonment) ശിക്ഷിച്ച റിട്ട. ജസ്റ്റിസ് യു ഡി സാല്‍വി. എന്നാല്‍ അത് ചെയ്യാന്‍ കഴിയില്ലായിരുന്നു. കേസിന് പിന്നില്‍ വ്യക്തിവൈരാഗ്യം ആയിരുന്നില്ല, പ്രേരണാപരമായ കുറ്റമാണെന്നും ജസ്റ്റിസ് സാല്‍വി കൂട്ടിച്ചേര്‍ത്തു. 11 പ്രതികളെ നേരത്തെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍(Gujarat government) ഉത്തരവ് സുപ്രീം കോടതി(Supreme court) റദ്ദാക്കിയതിന് പിന്നാലെയാണ് ജസ്റ്റിസ് സാല്‍വിയുടെ പരാമര്‍ശം. 2008ല്‍ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്തതിനും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഴുവന്‍ പ്രതികളും രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

'ഈ കുറ്റവാളികളെ മുംബൈയില്‍ വെച്ചാണ് വിചാരണ ചെയ്തത്. വിശദമായ ഉത്തരവില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ ഉണ്ടാകും. ഈ കേസില്‍ ഞാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് വധശിക്ഷ നല്‍കുമായിരുന്നു. എന്നാല്‍ ഈ കുറ്റം വ്യക്തിവൈരാഗ്യം കൊണ്ടല്ല, പ്രേരണകൊണ്ടായിരുന്നു. ഈ ആളുകളായിരുന്നു കുറ്റകൃത്യത്തിന്റെ മാധ്യമം. ഇവരിലൂടെയാണ് കുറ്റകൃത്യം നടന്നത്. അതിനാല്‍ ഞാന്‍ അവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു,'' ജസ്റ്റിസ് സാല്‍വി വ്യക്തമാക്കി.

സംസ്ഥാനത്ത് വിചാരണ നടക്കുന്നതിനാല്‍ കുറ്റവാളികള്‍ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനോ മഹാരാഷ്ട്ര സര്‍ക്കാരിന് മുമ്പാകെ പുതിയ ഇളവിന് അപേക്ഷിക്കാനോ അവസരമുണ്ട്.

അകാല മോചനം അനുവദിക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കണമെന്നും ജസ്റ്റിസ് സാല്‍വി പറഞ്ഞു. ''മോചനം നല്‍കുമ്പോള്‍, കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സില്‍ സൂക്ഷിക്കണം. നയങ്ങള്‍ വഴികാട്ടുന്നതാണ്. എന്നാല്‍ സമൂഹത്തിലേക്ക് അയക്കുന്ന സന്ദേശങ്ങളെ കുറിച്ചും ചിന്തിക്കണം. കൂടാതെ, മോചിതരായ ശേഷം അവര്‍ക്ക് ലഭിച്ച സ്വീകരണം നിര്‍ഭാഗ്യകരമാണ്,' സാല്‍വി കൂട്ടിച്ചേര്‍ത്തു.

2022-ല്‍ കുറ്റവാളികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് യോഗ്യതയില്ലായിരുന്നുവെന്നും ജയിലിന് പുറത്ത് തുടരാന്‍ അനുവദിക്കുന്നത് 'അസാധുവായ ഉത്തരവുകള്‍' സാധൂകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

'സുപ്രീം കോടതിയുടെ വിധി പ്രോത്സാഹജനകമാണ്. അധികാരപരിധിയിലെ ഇളവ് കോടതി നിരസിച്ചു, അത് ശരിയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി വിധി

2002 മാര്‍ച്ച് 3ന് ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തത്. ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് കേസിനാസ്പദമായ ദാരുണമായ സംഭവം. അന്ന് കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. ഇവരുടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെയുള്ള ഏഴ് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്.

കേസിലെ 11 പ്രതികള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ 2022 ഓഗസ്റ്റ് 15 ന് ഇവരെ നേരത്തെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയായിരുന്നു വിധി. 11 കുറ്റവാളികളോടും രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ 11 പ്രതികള്‍ക്കും പുനഃപരിശോധനാ ഹര്‍ജി നല്‍കാമെന്നതാണ് ആദ്യ വഴി. കുറച്ച് കാലം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവാളിക്ക് വീണ്ടും 'മോചന'ത്തിന് അപേക്ഷിക്കാനും കഴിയും. എന്നാല്‍, ഇക്കുറി പ്രതികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാരിന് അപ്പീല്‍ നല്‍കേണ്ടിവരും.

Post a Comment

Previous Post Next Post