(www.kl14onlinenews.com)
(14-JAN-2024)
രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'ക്ക് തുടക്കമായി. മണിപ്പുരിലെ തൗബാലില്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മൊയ്റാങ്ങിലെത്തി നേതാക്കള്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ചന നടത്തി. ഉദ്ഘാടന വേദിയില്‍ ഇന്ത്യ മുന്നണിയിലെ 10 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സസ്പെന്‍ഷനിലായ ബിഎസ്പി നേതാവ് ഡാനിഷ് അലിയും ഉദ്ഘാടന വേദിയിലുണ്ട്.
ഇന്ന് 12.30ന് തൗബാൽ ജില്ലയിലെ ഖോങ്‌ജോമിൽ നിന്നാണ് യാത്ര ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ യാത്രയ്ക്കായി മണിപ്പുരിലേക്ക് തിരിച്ച രാഹുലിന്റെ വിമാനം മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വൈകിയായിരുന്നു പുറപ്പെട്ടത്. ഇതോടെ ഉദ്ഘാടനവും വൈകുകയായിരുന്നു. പ്രത്യേക ഇൻഡിഗോ വിമാനത്തിലാണ് രാഹുലും നേതാക്കളും ഇംഫാലിലെത്തിയത്. രാഹുലിനൊപ്പം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ.രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർസിങ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കമുള്ള കോൺഗ്രസിന്റെ നേതൃനിര തന്നെ യാത്രയിൽ അണിനിരക്കുന്നുണ്ട്. സുരക്ഷാകാരണങ്ങളാൽ സോണിയ ഗാന്ധി പങ്കെടുത്തില്ല.
15 സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ന്യായ് യാത്ര. യാത്ര 14 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അരുണാചൽ പ്രദേശ് കൂടി ഉള്‍പ്പെടുത്തി അത് 15 സംസ്ഥാനങ്ങളാക്കി മാറ്റുകയായിരുന്നു. 67 ദിസവം കൊണ്ട് മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ, ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലിലെ 110 ജില്ലകള്‍ കടന്ന് 6713 കിലോമീറ്റര്‍ താണ്ടിയായിരിക്കും ന്യായ് യാത്ര' അവസാനിക്കുക. മാര്‍ച്ച് 20ന് മുംബൈയിലാണ് യാത്ര അവസാനിക്കുക. ആദ്യ ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ തെക്ക് ഭാഗത്ത് നിന്നും തുടങ്ങി വടക്കാണ് അവസാനിച്ചതെങ്കില്‍ 'ഭാരത് ജോഡോ ന്യായ് യാത്ര' ഇന്ത്യയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നാരംഭിച്ച് പടിഞ്ഞാറന്‍ ഭാഗത്തായിരിക്കും അവസാനിക്കുക.
إرسال تعليق