(www.kl14onlinenews.com)
(02-JAN-2024)
തൊടുപുഴ:
കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി.
ഒരുമിച്ച് കൃഷ്ണഗിരിയില്‍ പോയി പശുക്കളെ വാങ്ങാമെന്നും കുട്ടികളോട് ജയറാം പറഞ്ഞു. നടന്‍ മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷവും നല്‍കുമെന്നും ജയറാമിനെ അറിയിച്ചു. 5 ലക്ഷം രൂപയ്ക്ക് 12 പശുക്കളെ വാങ്ങാനാവും. 22 പശുക്കളെ ആറുവര്‍ഷം മുന്‍പ് ഇതേപോലെ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇവരുടെ വിഷമം മനസിലാകുമെന്നും ജയറാം പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന ഓസ്‌ലര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് നല്‍കിയത്. കേരള ഫീഡ്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് താരം.
മാത്യുവിന് അഞ്ചു പശുക്കളെ സൗജന്യമായി നല്‍കുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ് മാത്യുവിന്‍റെ 13 പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് നടപടി. അടുത്ത ആഴ്ച തന്നെ പശുക്കളെ നല്‍കും. മാട്ടുപ്പെട്ടിയില്‍ നിന്ന് നല്ല ഇനം പശുക്കളെയാണ് നല്‍കുക. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
إرسال تعليق