(www.kl14onlinenews.com)
(01-JAN-2024)
ന്യൂഡല്‍ഹി: മുംബൈയിലെ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എംടിഎച്ച്എല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 12ന് ഉദ്ഘാടനം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു. രാജ്യത്തെ ഏറ്റവും നീളമേറിയ സമുദ്രപാലമാണ് എംടിഎച്ച്എല്‍ പദ്ധതി. മുംബൈയിലെ സേവ്രി മുതല്‍ റായ്ഗഡിലെ ഹാവ ഷേവ വരെ നീളുന്ന സമുദ്രപാലമാണിത്. മേഖലയില്‍ വന്‍തോതിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ പദ്ധതി മുതല്‍ക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി ഷിന്‍ഡെ പറഞ്ഞു.
21.8 കിലോ മീറ്ററാണ് പാലത്തിന്റെ ദൂരം. ഇതില്‍ 16.5 കിലോ മീറ്റര്‍ ദൂരവും സമുദ്രത്തിന് മുകളിലൂടെയാണ്. 2018 മുതലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 4.5 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊറോണ മഹാമാരിയുടെ വ്യാപനം മൂലം താമസം നേരിടുകയായിരുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ ധനസഹായത്താലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഓപ്പണ്‍ ടോള്‍ സംവിധാനമായിരിക്കും ഏര്‍പ്പെടുത്തുകയെന്നാണ് സൂചന. ഇതുപ്രകാരം ടോള്‍ നല്‍കാന്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട ആവശ്യമുണ്ടായിരിക്കില്ല.
Post a Comment