(www.kl14onlinenews.com)
(04-JAN-2024)
കൊല്ലം: കൗമാരകലയുടെ മഹോത്സവത്തിന് കൊല്ലത്ത് തുടക്കമായി. 62ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ ഉദ്ഘാടനം ചെയ്തു. കൗമാരമനസ്സുകളുടെ ഉത്സവവമാണ് കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യകരമായ മാത്സര്യംകൊണ്ട് കുട്ടികളുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആശ്രാമം മൈതാനത്തു പതാക ഉയർത്തിയാണ് ഔദ്യോഗിക തുടക്കമിട്ടത്. തുടർന്ന് കാസർകോട് നിന്നുള്ള ഭിന്നശേഷി കുട്ടികളുടെ ചെണ്ടമേള കലാവിരുന്നും കലോത്സവ ചരിത്രത്തിൽ ആദ്യമായി ഗോത്ര കല ഉൾക്കൊള്ളിച്ചു മംഗലം കളിയും സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രധാന വേദിയിൽ അരങ്ങേറി. ജനുവരി 4 മുതൽ 8 വരെ 24 വേദികളിലായാണ് കലോത്സവം.
യുവജനോത്സവമായി വന്നുപോയി 16 വർഷങ്ങൾ പൂർത്തിയാകുമ്പോളാണ് കൊല്ലത്തിന്‍റെ മണ്ണിലേക്ക് കലോത്സവമായി ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ കൗമാര കലാമേള തിരിച്ചുവന്നിരിക്കുന്നത്. കൊല്ലത്തിന്‍റെ സാംസ്കാരിക മണ്ഡലങ്ങളിൽ തിളങ്ങുന്ന നക്ഷത്രങ്ങളായ മഹാരഥന്മാരുടെ സ്മരണ നിറയുന്ന 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. കൊല്ലം നഗരഹൃദയത്തിൽ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്ത് ഒരുക്കിയ വിശാലമായ വേദിയാണ് ഒന്നാം വേദിയാകുന്ന ഒ.എൻ.വി സ്മൃതി.
എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 14 ജില്ല കലോത്സവങ്ങളിൽനിന്ന് 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post a Comment