(www.kl14onlinenews.com)
(02-JAN-2024)
ന്യൂഡൽഹി: പുതിയ 'ഹിറ്റ് ആൻഡ് റൺ' നിയമത്തിനെതിരെ നടന്നുവന്ന ട്രക്ക് ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം
'ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തി. പുതിയ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 106/2 നടപ്പിലാക്കുന്നതിന് മുമ്പ് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസുമായി ചർച്ച നടത്തും. അതിനുശേഷം മാത്രമേ തീരുമാനമെടുക്കൂ,' കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പറഞ്ഞു.
പുതിയ ക്രിമിനൽ കോഡ്-ഭാരതീയ ന്യായ സംഹിത പ്രകാരം ഹിറ്റ് ആൻഡ് റൺ കേസുകളിലെ ശിക്ഷ വർധിപ്പിച്ചതിനെതിരെയായിരുന്നു ട്രക്ക് ഡ്രൈവർമാർ സമരം നടത്തിയത്. അപകട ശേഷം ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടിപ്പോവുകയോ അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്താൽ 10 വർഷം വരെ തടവും 7 ലക്ഷം രൂപ പിഴയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. പഴയ ഇന്ത്യൻ പീനൽ കോഡിൽ (ഐപിസി) 2 വർഷത്തെ തടവായിരുന്നു ഈ കുറ്റത്തിനുള്ള ശിക്ഷ.
തിങ്കളാഴ്ച ആരംഭിച്ച സമരത്തിൽ ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഡ്രൈവർമാർ പങ്കെടുത്തിരുന്നു. ഈ പ്രദേശങ്ങളിലെ റോഡ് മാർഗമുള്ള ചരക്ക് നീക്കം ഏറെക്കുറെ നിലച്ച അവസ്ഥയിലെത്തി. ഇന്ധന ടാങ്കർ ലോറികളും സമരത്തിന്റെ ഭാഗമായതോടെ പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പിന്നാലെയാണ് കേന്ദ്ര സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായത്
Post a Comment