ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

(www.kl14onlinenews.com)
(02-JAN-2024)

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല
മകരവിളക്ക് (makara vilakku) അടുക്കാനിരിക്കെ ശബരിമലയിൽ (sabarimala) തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് (spot booking) ഉണ്ടാകില്ല. മകരവിളക്ക് ദിവസത്തില്‍ 40,000 പേര്‍ക്ക് മാത്രമേ വെര്‍ച്വല്‍ ക്യൂ അനുവദിക്കുകയുള്ളു. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. 14ാം തീയതിയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 50,000 ആണ്. 14, 15 എന്നീ തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.

സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ, മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ കൂടുതൽ ഭക്തർ മലകയറിയാൽ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദർശനത്തെയും സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിംഗ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

എന്നാൽ 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകരവിളക്ക് ദിവസവും തലേദിവസവും ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തണമെന്ന പൊലിസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ജനുവരി പതിനഞ്ചിനാണ് മകരവിളക്ക്. മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 13 ന് തിരുവാഭരണ ഘോഷയാത്ര പന്തളം കെട്ടാരത്തിൽ നിന്ന് പുറപ്പെടും. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13ന് വൈകിട്ട് നടക്കും.

ജനുവരി 14ന് രാവിലെ ബിംബശുദ്ധി ക്രിയകൾ ശബരിമലയിൽ നടക്കും. 15ന് വെളുപ്പിനെ 2.46ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവയുണ്ടാകും. തുടർന്ന് 15,16,17,18,19 തീയതികളിൽ എഴുന്നുള്ളിപ്പ് നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യവും ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രമായുള്ള ദർശനം നടക്കും. തുടർന്ന് വീണ്ടും നട അടയ്ക്കുന്നതോടെ ഈ ശബരിമല തീർഥാടനത്തിനു സമാപനമാകും.

അതേസമയം ശബരിമലയില്‍ ഇത്തവണത്തെ മണ്ഡലകാല വരുമാനം റെക്കോര്‍ഡിലെത്തിയിരുന്നു. കാണിക്ക എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനം 241.71 കോടി രൂപയാണ് ഉയര്‍ന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 18.72 കോടി രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്.

Post a Comment

Previous Post Next Post