എഎഫ്സി ഏഷ്യന്‍ കപ്പ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി (0-2)

(www.kl14onlinenews.com)
(14-JAN-2024)

എഎഫ്സി ഏഷ്യന്‍ കപ്പ്; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി (0-2)
അൽ റയ്യാൻ (ഖത്തർ) : എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ജാക്സൻ ഇർവിൻ (50'), ജോർദാൻ ബോസ് (73') എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയത്. ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ നിര മികച്ച മുന്നേറ്റം കാഴ്ചവച്ചെങ്കിലും ഗോൾ നേടാനായില്ല. ഓസ്ട്രേലിയയെ പ്രതിരോധിച്ച് നിർത്താനായതോടെ ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ തുടക്കം മുതൽ ഓസ്ട്രേലിയ ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ പ്രതിരോധം തകരുകയായിരുന്നു.

50–ാം മിനിറ്റിൽ ജാക്സൻ ഇർവിനാണ് ഓസീസിനായി ആദ്യ ഗോള്‍ കണ്ടെത്തിയത്. വലതു വിങ്ങില്‍നിന്നുവന്ന ക്രോസ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇര്‍വിന്റെ കാലില്‍. ഇടംകാല്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 72-ാം മിനിറ്റില്‍ പകരക്കാരനായാണ് ജോര്‍ദാന്‍ ബോസ് ഗ്രൗണ്ടിലെത്തിയത്. തൊട്ടടുത്ത മിനിറ്റിൽ റിലീ മഗ്രി നല്‍കിയ പന്ത് വലയിലെത്തിച്ച താരം സ്കോർ 2–0 എന്ന നിലയിലേക്ക് ഉയർത്തി.

Post a Comment

Previous Post Next Post