ആർട്ടിക്കിൾ 370 ഭേദഗതി ശരിവച്ച് സുപ്രീം കോടതി; കശ്മീരിന് പ്രത്യേക പദവി ഇല്ല; 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം

(www.kl14onlinenews.com)
(11-DEC-2023)

ആർട്ടിക്കിൾ 370 ഭേദഗതി ശരിവച്ച് സുപ്രീം കോടതി; കശ്മീരിന് പ്രത്യേക പദവി ഇല്ല; 2024 സെപ്തംബർ 30നകം തിരഞ്ഞെടുപ്പ് നടത്തണം
ഡൽഹി :
ആർട്ടിക്കിൾ 370 ഭേദഗതി വരുത്തിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമ വിധി പറഞ്ഞ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ആർട്ടിക്കിൾ 370 റദ്ദാക്കൽ ശരിവച്ച സുപ്രീം കോടതി, ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പദവി ഇല്ലാതായെന്നും വിധി പ്രസ്താവത്തിലൂടെ കോടതി വ്യക്തമാക്കി. അതേസമയം, 2024 സെപ്തംബർ മുപ്പതിനകം ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തി, സംസ്ഥാനത്തിനുള്ള പൂർണമായ അധികാരം തിരിച്ചുനൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.

മൂന്ന് യോജിച്ച വിധിന്യായങ്ങളാണ് കോടതി പുറപ്പെടുവിച്ചത്. ആദ്യത്തെ വിധിപ്രസ്താവത്തിൽ, രാഷ്ട്രപതി ഭരണം നിൽക്കുന്നതിനാൽ നിയമസഭ പിരിച്ചുവിട്ട നടപടിയിൽ ഇടപെടുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പദവി ഇല്ലാതായി. 370ാം വകുപ്പ് താൽക്കാലികമായി സംസ്ഥാനത്തിന് നൽകിയതാണ്. മറ്റു സംസ്ഥാനങ്ങൾക്കുള്ള അതേ അധികാരം തന്നെയാണ് ജമ്മു കശ്മീരിനുമുള്ളത്.

ഇന്ത്യയുമായുള്ള ബന്ധം വിശദീകരിക്കാനുള്ളതാണ് കശ്മീരിന്റെ പ്രത്യേക ഭരണഘടന. രാഷ്ട്രപത്രി ഭരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമനിർമ്മാണം നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി വിലയിരുത്തി. രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാവിരുദ്ധമല്ല.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നഷ്ടമാകുകയും, സംസ്ഥാനം ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ ഈ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ നാല് വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.

സെപ്തംബർ അഞ്ചിന്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 16 ദിവസം ഹരജിക്കാരുടെയും കേന്ദ്രത്തിന്റെയും ജമ്മു കശ്മീർ ഭരണകൂടത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിവച്ചിരുന്നു. ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്. ജസ്റ്റിസ് കൗൾ ഡിസംബർ 25 ന് വിരമിക്കും, മറ്റ് മൂന്ന് ജഡ്ജിമാർ ചീഫ് ജസ്റ്റിസാകും.

കോടതി പരിഗണിച്ചത് 23 ഹർജികളാണ്. ജമ്മു കശ്മീരിൽ അതിന്റെ സ്ഥിര താമസക്കാർക്കായി പ്രത്യേക നിയമങ്ങൾ നിർമ്മിക്കാൻ അധികാരപ്പെടുത്തിയ ഭരണഘടനയുടെ 35A വകുപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റ് അഞ്ചിലെ മാറ്റങ്ങൾക്ക് മുമ്പ് ഫയൽ ചെയ്ത ചില ഹർജികളും ഇതിൽ ഉൾപ്പെടുന്നു.

ഓഗസ്റ്റ് രണ്ടിന് വാദം ആരംഭിച്ച ചില ഹർജിക്കാർ, ആർട്ടിക്കിൾ 370 താൽക്കാലികമായി മുൻ സംസ്ഥാനത്തിനായുള്ള ഭരണഘടനാ അസംബ്ലി ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ തീരുമാനമെടുക്കുന്നതുവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് വാദിച്ചു. എന്നാൽ 1957-ൽ ഭരണഘടനാ അസംബ്ലിയുടെ കാലാവധി അവസാനിച്ചതോടെ, ഈ വ്യവസ്ഥ ശാശ്വതമായിത്തീർന്നു, ഒരു ഭരണഘടനാ പ്രക്രിയയ്ക്കും ഇതിനെ മാറ്റാനാകില്ലെന്ന്, അവർ പറഞ്ഞു.

ആർട്ടിക്കിൾ 370

യൂണിയൻ ഓഫ് ഇന്ത്യയും അന്നത്തെ ജമ്മുകശ്മീർ മഹാരാജാവും തമ്മിൽ ലയന ഉടമ്പടി ഒപ്പു വെച്ചിട്ടില്ലെന്നും അത് ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ (ഐഒഎ) മാത്രമാണെന്നും അതിനാൽ പരമാധികാരം അടിയറവ് വെച്ചിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. സംസ്ഥാനത്തിന് വേണ്ടി നിയമങ്ങൾ നിർമ്മിക്കാനുള്ള പാർലമെന്റിന്റെ അധികാരം ഐഒഎ യിൽ പരിമിതപ്പെടുത്തിയിരിക്കുന്നു, അതിലൂടെ അവിടുത്തെ ജനങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ ലഭിക്കുമെന്ന് അവർ വാദിച്ചു.

ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരിക്കെ, 2019 ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലെ രാഷ്ട്രപതി ഉത്തരവുകൾ വഴി പ്രത്യേക പദവി എടുത്തുകളഞ്ഞ രീതി ഭരണഘടനയോടുള്ള വഞ്ചനയ്ക്ക് തുല്യമാണെന്ന് ഹർജിക്കാർ വാദിച്ചു.

മാറ്റങ്ങൾ വരുത്തുന്നതിൽ ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് കേന്ദ്രവും ജമ്മു കശ്മീർ ഭരണകൂടവും ആരോപണങ്ങൾ നിരസിച്ചു കൊണ്ട് അവകാശപ്പെട്ടു. ഭരണഘടനാ അസംബ്ലിയുടെ പങ്ക് പാർലമെന്റിന് എങ്ങനെ ഏറ്റെടുക്കാം എന്ന ഹർജിക്കാരുടെ വാദത്തെ എതിർത്ത്, ആർട്ടിക്കിൾ 370 (3) ലെ 'ഭരണഘടനാ അസംബ്ലി' എന്ന വാക്കുകൾ 'ലെജിസ്ലേറ്റീവ് അസംബ്ലി' എന്ന് മാത്രമേ വായിക്കാൻ കഴിയൂ എന്നും സർക്കാർ പറഞ്ഞു.

രാഷ്ട്രപതി ഭരണകാലത്ത്, ജമ്മു കശ്മീർ അസംബ്ലിയുടെ അധികാരങ്ങൾ പാർലമെന്റിൽ നിക്ഷിപ്തമായിരുന്നു, അതിനാൽ സംസ്ഥാനത്തിന് വേണ്ടി നിയമനിർമ്മാണം നടത്താനുള്ള അധികാരം പാർലമെന്റിൽ നിക്ഷിപ്തമായി തുടരും എന്ന് കേന്ദ്രം വാദിച്ചു.

ആർട്ടിക്കിൾ 370-ൽ വരുത്തിയ മാറ്റങ്ങൾ 'ചരിത്രപരം' എന്ന് അവർ വിശേഷിപ്പിച്ചു. "ആർട്ടിക്കിൾ 370 നിലനിന്ന ഭരണകാലത്ത് പലപ്പോഴും ഇല്ലാതിരുന്ന അഭൂതപൂർവമായ വികസനവും പുരോഗതിയും സുരക്ഷയും സ്ഥിരതയും ഈ മേഖലയിൽ കൊണ്ടു വന്നു' എന്നും അവർ അവകാശപ്പെട്ടു.

വാദം കേൾക്കുന്നതിനിടയിൽ, ഈ വ്യവസ്ഥ ശാശ്വതമാകുമെന്ന അവകാശവാദത്തെക്കുറിച്ച് സുപ്രീം കോടതി ബെഞ്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും 'താത്കാലികവും പരിവർത്തനപരവും പ്രത്യേകവുമായ വ്യവസ്ഥകൾ' കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ഇരുപത്തിയൊന്നാം ഭാഗത്തിൽ എന്തുകൊണ്ടാണ് ഇത് ഉൾപ്പെടുത്തിയതെന്നും ജിജ്ഞാസുവായി.

ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ, ആക്ടിവിസ്റ്റ് ഷെഹ്‌ല റാഷിദ് എന്നിവരും ഹർജിക്കാരിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ, വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ അവർ പിൻവാങ്ങി.
നിലവിലെ സാഹചര്യത്തിൽ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ഡിസംബര്‍ 7 ന് കശ്മീരിലെ അധികാരികള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ക്രിമിനല്‍ നടപടി ക്രമം (CrPC) സെക്ഷന്‍ 144 പ്രകാരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. കശ്മീര്‍ താഴ്വരയിലെ മറ്റ് പല ജില്ലകളും കഴിഞ്ഞ ഒരാഴ്ചയായി സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post