അകമ്പടി വാഹനത്തിൽനിന്ന് ഇറങ്ങി മർദിച്ചു, 'അസഭ്യം പറഞ്ഞു’: മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ്

(www.kl14onlinenews.com)
(23-DEC-2023)

അകമ്പടി വാഹനത്തിൽനിന്ന് ഇറങ്ങി മർദിച്ചു, 'അസഭ്യം പറഞ്ഞു’: മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസ്
കൊച്ചി: നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കളെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, അകമ്പടി സേനയിലെ തിരുവനന്തപുരം പൊറ്റക്കുഴി പിആർഎ 167 ചെന്താനുവിള എസ്.സന്ദീപ്, അകമ്പടി സേനയിലെ കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവരാണു പ്രതികൾ. അനിൽകുമാർ ഒന്നാം പ്രതിയും സന്ദീപ് രണ്ടാം പ്രതിയുമാണ്.

ഈ മാസം 15നു വൈകിട്ടു 4 മണിക്ക്, നവകേരള സദസ് വാഹനങ്ങൾ പോകുമ്പോൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച പരാതിക്കാരായ അജയ് ജ്യുവൽ കുര്യാക്കോസിനെയും എ.ഡി.തോമസിനെയും പൊലീസ് തടഞ്ഞു പിന്നിലേക്കു മാറ്റിയെന്നും തുടർന്നാണു പ്രതികൾ മർദിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം പോയതിനു പിന്നാലെ എത്തിയ അകമ്പടി വാഹനത്തിൽനിന്നു പുറത്തിറങ്ങിയ അനിൽ കുമാർ ജനറൽ ആശുപത്രി ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിനു സമീപത്തുവച്ച് അജയിനെയും തോമസിനെയും അസഭ്യം പറഞ്ഞു ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

പിന്നാലെയുള്ള അകമ്പടി വാഹനത്തിലെത്തിയ സന്ദീപും പുറത്തിറങ്ങി പരാതിക്കാരെ ലാത്തികൊണ്ട് അടിച്ചു പരുക്കേൽപിച്ചു. അജയിനും തോമസിനും തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കുകളുണ്ടായെന്നും എഫ്ഐആറിലുണ്ട്. എസ്ഐ കെ.ആർ.ബിജുവാണു കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് നൽകിയ ഹർജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

Post a Comment

أحدث أقدم