(www.kl14onlinenews.com)
(13-DEC-2023)
ന്യൂഡൽഹി : ലോക്സഭയിലെ സുരക്ഷാവീഴ്ചയുടെ പശ്ചാത്തലത്തിൽ പാർലമെന്റിലെ സുരക്ഷാപ്രോട്ടോക്കോളിൽ മാറ്റം. പാർലമെന്റിലേക്കുള്ള സന്ദർശക പാസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തി. എംപിമാർക്കും ജീവനക്കാർക്കും മാധ്യമങ്ങൾക്കുമെല്ലാം ഇനി മുതൽ വെവ്വേറെ പ്രവേശനമാകും അനുവദിക്കുക.
ദേഹപരിശോധനയ്ക്കായി പ്രവേശനകവാടത്തിൽ സ്‌കാനർ മെഷീനുകളും സ്ഥാപിക്കും. സന്ദർശക ഗാലറിക്ക് ഗ്ലാസ് മറ സജ്ജമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി. മാധ്യമങ്ങൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ലോക്സഭയുടെ നടുത്തളത്തിലേക്കു യുവാക്കൾ ചാടി വീണ് പുക പടർത്തിയ സംഭവത്തെ തുടർന്നാണ് സുരക്ഷ വർധിപ്പിക്കുന്നത്. പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലായിരുന്നു സുരക്ഷാ വീഴ്ച. അതിക്രമിച്ചു കടന്ന യുവാക്കളെ ആദ്യം എംപിമാർ ചേർന്ന് കീഴടക്കുകയും പിന്നീട് സുരക്ഷാ സേന പുറത്തേക്കു കൊണ്ടുപോവുകയും ചെയ്തു. ശൂന്യവേള പുരോഗമിക്കുന്നതിനിടെ ഒരാൾ ഗാലറിയിൽനിന്ന് ചാടിവീണ് ബെഞ്ചുകൾക്ക് മുകളിലൂടെ സ്‌പീക്കർക്കു നേരെ നീങ്ങുകയായിരുന്നു.
രണ്ട് യുവാക്കൾ ഗാലറിയിൽ നിന്ന് ചാടിയെന്നും ഒപ്പം പുക വമിക്കുന്ന എന്തോ ഒന്ന് അകത്തേക്ക് എറിഞ്ഞെന്നും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. "അക്രമികളെ എംപിമാർ പിടികൂടി, സുരക്ഷാ ഉദ്യോഗസ്ഥർ അവരെ പുറത്തെത്തിച്ചു. സഭ 2 മണി വരെ നിർത്തിവച്ചു. ഇത് തീർച്ചയായും ഒരു സുരക്ഷാ ലംഘനമാണ്, കാരണം 2001ൽ ജീവൻ ബലിയർപ്പിച്ച ആളുകളുടെ ചരമവാർഷികം ഞങ്ങൾ ഇന്ന് ആചരിക്കുകയാണ്."
“പെട്ടെന്ന് 20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് ചെറുപ്പക്കാർ സന്ദർശക ഗ്യാലറിയിൽ നിന്ന് ഹൗസിലേക്ക് ചാടി, അവരുടെ കൈയിൽ ക്യാനിസ്റ്ററുകൾ ഉണ്ടായിരുന്നു. ഈ കാനിസ്റ്ററുകൾ മഞ്ഞ പുക പുറന്തള്ളുന്നുണ്ടായിരുന്നു. അതിലൊരാൾ സ്പീക്കറുടെ കസേരയിലേക്ക് ഓടാൻ ശ്രമിക്കുകയായിരുന്നു. അവർ ചില മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പുക വിഷമായിരിക്കാം. ഇത് ഗുരുതരമായ സുരക്ഷാ ലംഘനമാണ്," കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.
إرسال تعليق