രണ്ട് കേരള എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് ലോക്‌സഭ, നടപടി മോശം പെരുമാറ്റം ആരോപിച്ച്

(www.kl14onlinenews.com)
(20-DEC-2023)

രണ്ട് കേരള എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് ലോക്‌സഭ, നടപടി മോശം പെരുമാറ്റം ആരോപിച്ച്

ഡൽഹി :
പാര്‍ലമെന്റില്‍(Parliament) പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ നടപടി തുടരുന്നു. ലോക്‌സഭയില്‍ രണ്ട് എംപിമാരെ കൂടി സസ്‌പെന്‍ഡ്(suspended) ചെയ്തു. മോശം പെരുമാറ്റം ആരോപിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാരായ തോമസ് ചാഴികാടന്‍(Thomas Chazhikadan), എ എം ആരിഫ്(AM Ariff) എന്നിവര്‍ക്കെതിരെയാണ് നടപടി. ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേയും(Kerala Congress M) എഎം ആരിഫ് സിപിഎമ്മിന്റേയും(CPM) പ്രതിനിധികളാണ്. ഇവര്‍ക്ക് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. നേരത്തെ 141 എംപിമാരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിന്നായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ നടപടി നേരിട്ട പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 143 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ലോക്സഭയിലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച 27 ചോദ്യങ്ങള്‍ നീക്കം ചെയ്തിരുന്നു. ചൊവ്വാഴ്ച സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇവ നീക്കം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരൂപ പൊദ്ദാറും കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസും ചോദിച്ച രണ്ട് നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ നക്ഷത്രചിഹ്നമില്ലാത്ത 25 ചോദ്യങ്ങളും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാലുള്ള മറുപടിയും നക്ഷത്രമിടാത്ത ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയും നല്‍കുന്നതാണ് പാര്‍ലമെന്റിലെ പതിവ്.

കൂടാതെ ഒരേ ചോദ്യം വിവിധ മന്ത്രിമാരോട് ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളില്‍ നിന്ന് ഒട്ടേറെ എംപിമാരുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്സഭയില്‍ നിന്ന് രാജിവച്ച ഹനുമാന്‍ ബേനിവാളിന്റെ പേരും നീക്കം ചെയ്തു.

ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാ ലംഘന വിഷയത്തില്‍ ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് നടത്തിവരുന്നത്. പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി പ്രതിഷേധിച്ച 141 എംപിമാരെയാണ് ഇരുസഭകളിലും നിന്നായി കഴിഞ്ഞ ദിവസങ്ങളിലായി പുറത്താക്കിയത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. ഇതിന് പിന്നാലെയാണ് ഇവര്‍ ഉന്നയിച്ച ചോദ്യങ്ങളും പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

നേരത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ 92 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചത്. ഇതോടെ ഇന്നലെ 49 എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. കോൺഗ്രസിന്റെ എംപിമാരായ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ്, തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ധോപാധ്യായ എന്നിവരാണ് സസ്പെൻഡ് ചെയ്തത്. അവസാനം സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കണക്ക് 141 എന്ന റെക്കോര്‍ഡിലെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ട് പേരെ കൂടി സസ്പെൻഡ് ചെയ്തത്.

ഇതിനിടെ എംപിമാരുടെ കൂട്ട സസ്പെന്‍ഷനെ കുറിച്ച് ബി.ജെ.പി എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ പ്രതികരിച്ചു.

'എന്തുകൊണ്ടാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതെന്ന് രാജ്യം അത്ഭുതപ്പെടുന്നുണ്ടെങ്കില്‍, കാരണം ഇതാണ്... തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയെ പരിഹസിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവര്‍ സഭയില്‍ എത്രമാത്രം അശ്രദ്ധയും ലംഘനവും നടത്തിയെന്നത് ഒരാള്‍ക്ക് ഊഹിക്കാന്‍ കഴിയും,' പാർട്ടി എക്സിൽ കുറിച്ചു.

നേരത്തെ സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടുവരരുതെന്നണ് തീരുമാനമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ നിരാശ മൂലമാണ് പ്രതിപക്ഷം ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. അതാണ് എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള കാരണമെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. ശീതകാല സമ്മേളനത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായ തടസ്സങ്ങൾക്കും അനിയന്ത്രിതമായ പെരുമാറ്റത്തെയും തുടർന്നാണ് സസ്പെൻഷനെന്നും കേന്ദ്രം ന്യായീകരിച്ചു

Post a Comment

Previous Post Next Post