ബിജെപിക്കെതിരെ യോജിക്കാവുന്നവരെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

(www.kl14onlinenews.com)
(03-DEC-2023)

ബിജെപിക്കെതിരെ യോജിക്കാവുന്നവരെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍
പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോല്‍വിയിലേക്ക് പോകുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാന്‍ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

അതെസമയം കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.

കേരളത്തിലെ കോണ്‍ഗ്രസാണെങ്കില്‍ ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ പുറകോട്ട് പോക്ക് ദൗര്‍ഭാഗ്യകരമാണ്. പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോവണം. തമ്മിലടി അവസാനിപ്പിക്കാനും മതനിരപേക്ഷ നിലപാട് സ്വീകരിക്കാനും കോണ്‍ഗ്രസ് തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post