(www.kl14onlinenews.com)
(06-DEC-2023)
കാസർകോട് :ദേശീയപാത അണങ്കൂരിൽ സർവീസ് റോഡിന്റെ സ്ഥലവും പ്രധാന പാതയ്ക്കായി എടുത്തതോടെ ഗതാഗതക്കുരുക്ക്.അണങ്കൂർ ഗവ. ആയുർവേദ ആശുപത്രിക്ക് എതിർവശം ഫർണിച്ചർ വ്യാപാര സ്ഥാപനത്തോട് ചേർന്നു പോകുന്ന സർവീസ് റോഡ് ഭാഗത്താണ് അപായഭീതി. സർവീസ് റോഡ് ഇവിടെ എത്തുമ്പോൾ വീതി കുറഞ്ഞാണുള്ളത്. അതിവേഗം വാഹനങ്ങൾ കടന്നു വരുന്നതിനിടെ ഏതു സമയത്തും അപകട സാധ്യതയുണ്ട്. യാത്രക്കാർക്കു നടന്നു പോകാൻ പോലും സൗകര്യമില്ലാത്ത വിധമാണ് ഇവിടെ സർവീസ് റോഡ് ഉള്ളത്. സർവീസ് റോഡിൽ വലിയ വാഹനങ്ങൾ കയറിയാൽ മറ്റ് വാഹനങ്ങൾക്കു മറി കടക്കാൻ സൗകര്യമില്ല. ബസുകളും റോഡിൽ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും നിർത്തിയാൽ അത് പോകുന്നത് വരെ പിറകിൽ കാത്തു നിൽക്കണം എന്നതാണ് സ്ഥിതി.
45 മീറ്ററിനു പകരം ഇവിടെ 44 മീറ്റർ മാത്രമേ കിട്ടിയുള്ളുവെന്ന് അധികൃതർ
ദേശീയപാത വികസനത്തിനു 45 മീറ്റർ സ്ഥലം ആവശ്യമായിരിക്കെ ഇവിടെ 1 മീറ്റർ സ്ഥലം കുറച്ചാണ് കിട്ടിയതെന്ന് നിർമാണ കമ്പനി അധികൃതർ പറയുന്നു. ഇപ്പോൾ സർവീസ് റോഡിന് ഇവിടെ വീതി 4.45 മീറ്റർ ആണ് ഉള്ളത്. 6.45 മീറ്റർ വീതി വേണം. അതിർത്തി നിർണയിച്ചു തരാൻ ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. അതിർത്തി നിർണയിച്ചു കിട്ടിയാൽ സുരക്ഷാ ഭിത്തി നിർമിക്കാം. വളവ് ഭാഗം ആയതിനാൽ 45 മീറ്റർ സ്ഥലം കിട്ടിയില്ലെങ്കിൽ സർവീസ് റോഡിൽ അതിനനുസരിച്ച് കട്ട് ഏർപ്പെടുത്തേണ്ടി വരും. കാൽനട യാത്ര സൗകര്യം ഉണ്ടാവില്ല. 120 മീറ്റർ വേഗമാണ് പ്രധാന റോഡിൽ വാഹനങ്ങളുടെ യാത്ര. അത് പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടി വരും.
നിർമാണ കമ്പനി അധികൃതർ സ്ഥലം കയ്യേറിയെന്ന പരാതിയും
അതിനിടെ അണങ്കൂരിൽ തന്റെ സ്ഥലം കയ്യേറി നിർമാണം നടത്തിയെന്നാണ് ഫർണിച്ചർ വ്യാപാരി ആരോപിക്കുന്നത്. 3 മീറ്റർ ഉയരത്തിൽ റോഡ് നിർമിക്കുമ്പോൾ സുരക്ഷാ ഭിത്തി നിർമിക്കാതെ സ്ഥലം കയ്യേറി 2 മീറ്ററോളം വീതിയിൽ റോഡ് നിലനിർത്താൻ റാംപ് മണ്ണിട്ട് നികത്തി. ഇത് നീക്കം ചെയ്തില്ലെങ്കിൽ ഈ കയ്യേറ്റം സ്വയം നീക്കം ചെയ്യുമെന്നും സർവീസ് റോഡ് തകർന്നാൽ അതിന്റെ ഉത്തരവാദിത്തം റോഡ് നിർമാണ കമ്പനിക്കു മാത്രമായിരിക്കുമെന്നും വ്യാപാരി എൻ.എം. മുഹമ്മദ് ഷാഫി ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് നൽകിയ കത്തിൽ അറിയിച്ചിട്ടുണ്ട്. റോഡിന്റെ മറുവശം ആശുപത്രി ലൈനിൽ ഫർണിച്ചർ കടയുടെ ഭാഗത്ത് കൂടുതൽ സ്ഥലം എടുത്തിട്ടുണ്ട്. ഈ സ്ഥലത്തേക്ക് റോഡ് വളച്ച് വരുന്നതിനാലാണു സർവീസ് റോഡ് കുരുക്കിലായതെന്നു പരാതിയുണ്ട്.
إرسال تعليق