നിർമല സീതാരാമൻ രാജി വയ്ക്കണം: ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകൾക്ക് ബോംബ് ഭീഷണി

(www.kl14onlinenews.com)
(26-DEC-2023)

നിർമല സീതാരാമൻ രാജി വയ്ക്കണം: ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകൾക്ക് ബോംബ് ഭീഷണി
ഡൽഹി :
ആർബിഐ (RBI), എച്ച്‌ഡിഎഫ്‌സി ബാങ്ക് (HDFC bank) ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾക്ക് ബോംബ് ഭീഷണി (bomb threat). ഭീഷണി വ്യക്താമാക്കുന്ന ഇമെയിൽ ചൊവ്വാഴ്ചയാണ് റിസർവ് ബാങ്കിന് ലഭിച്ചതെന്ന് മുംബൈ പോലീസ് അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഭീഷണി. തപാലിൽ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. khilafat.india@gmail.com എന്ന ഇമെയിൽ ഐഡി വഴിയാണ് ഭീഷണി സന്ദേശം വന്നത്. മുംബൈയിലെ എംആർഎ മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിയെ കുറിച്ചുള്ള അന്വേഷണം നിലവിൽ നടക്കുകയാണ്. ഭീഷണി അവഗണിക്കരുതെന്നും ഈ ഇമെയിൽ സന്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്.

അതേസമയം നേരത്തെ കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബെംഗളൂരു പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കായിരുന്നു അജ്ഞാതന്റെ ഫോണ്‍ കോൾ എത്തിയത്. പോലീസ് ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

'അതൊരു വ്യാജ കോളായിരുന്നു. ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. രാജ്ഭവനില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ഒരു അജ്ഞാത നമ്പറില്‍ നിന്നാണ് ലഭിച്ചത്. കണ്‍ട്രോള്‍ റൂമിലേക്കാണ് വിവരം ലഭിച്ചത്."- പോലീസ് പറഞ്ഞു.

അടുത്തിടെ ബെംഗളൂരുവിലെ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അജ്ഞാത ഇമെയിലുകളിലൂടെ ലഭിച്ച ഈ സന്ദേശം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ബസവേശ്വര് നഗറിലെ നേപ്പല്‍, വിദ്യാശില്‍പ എന്നിവയുള്‍പ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി. തൊട്ടുപിന്നാലെ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തായിരുന്നു ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിലൊന്ന്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ വഴി സമാനമായ ഭീഷണികള്‍ ലഭിക്കുകയായിരുന്നു. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ബംഗളൂരു പോലീസ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post