ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

(www.kl14onlinenews.com)
(11-DEC-2023)

ഷഹനയുടെ ആത്മഹത്യ കേസ്; പ്രതി ഡോ.റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ മാസം 21വരെയാണ് റുവൈസിന്റെ റിമാന്‍ഡ് കാലാവധി.

സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. ഷഹന ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ റുവൈസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ഷഹനയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേര്‍ത്താണ് ഡോക്ടര്‍ റുവൈസിനെ അറസ്റ്റ് ചെയ്തത്.

ഷഹനയെ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടതാണ് ഷഹനയുടെ മരണത്തിന് ഇടയാക്കിയത്. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post