(www.kl14onlinenews.com)
(28-DEC-2023)
കൊച്ചി :നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ടെക്ഫെസ്റ്റ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെയും റജിസ്ട്രാര്‍ ഓഫിസിനെയും കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്ക് നോട്ടിസ് അയച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പണപ്പിരിവ് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഉപസമിതി ആവശ്യപ്പെട്ടു.
ദുരന്തം നടന്ന് ഒരുമാസം പിന്നിടുമ്പോളാണ് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ദുരന്തത്തിലേക്ക് നയിച്ച വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. സംഘാടനത്തില്‍ ഗുരുതര പിഴവുണ്ടായി. രണ്ട് ദിവസമായി നടക്കുന്ന പരിപാടിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും സെലിബ്രിറ്റിയുടെ ഗാനമേളയുണ്ടെന്ന വിവരം സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ മുന്‍കൂട്ടി അറിയിച്ചില്ല. പരിപാടിയെ കുറിച്ച് ധാരണക്കുറവും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ പരിചയക്കുറവും ദുരന്തത്തിന് വഴിവെച്ചു.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ റജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. പൊലീസിനെ അറിയിക്കാത്തതില്‍ വീഴ്ച റജിസ്ട്രാറുടെ ഓഫിസിനാണെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. പരിപാടിയുടെ ഭാഗമായി ഭീമമായ തുക പിരിച്ചെടുത്തിട്ടുണ്ടെന്ന് ഉപസമിതി കണ്ടെത്തി. ലക്ഷങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിന് പുറമെ ഓരോ വിദ്യാര്‍ഥിയില്‍ നിന്ന് 1200 രൂപ വീതവും പിരിവെടുത്തു. കണക്കുകളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും വിശദമായ ഓഡിറ്റ് വേണമെന്നാണ് ഉപസമിതിയുടെ ശുപാര്‍ശ. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി അടങ്ങിയതാണ് ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഓഡിറ്റോറിയത്തിന്‍റെ ഘടനയിലും നിര്‍മാണത്തിലും പിഴവുകളുണ്ട്, ഇത് പരിഹരിക്കണം. ആള്‍ക്കൂട്ട നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.
വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അധ്യാപകരുടെ മേല്‍നോട്ടമുണ്ടാകണമെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് പരിഗണിച്ച് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു, ഡപ്യൂട്ടി റജിസ്ട്രാര്‍ അനുറിന്‍ സലിം കണ്‍വീനര്‍മാര്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരില്‍ നിന്ന് വിശദീകരണം തേടി. നവംബര്‍ 25നായിരുന്നു കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടയിലെ ദുരന്തം.
إرسال تعليق