(www.kl14onlinenews.com)
(26-DEC-2023)
ഡൽഹി: കേരളത്തിലെ കോവിഡ് കേസുകളിൽ വൻ ഇടിവ് വന്നതോടെ രാജ്യത്തെ കോവിഡ് കണക്കുകൾ താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ 116 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകൾ മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. രാജ്യത്ത് മൂന്ന് പുതിയ കോവിഡ് മരണങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 4,170 ആയി ഉയർന്നിട്ടുണ്ട്.
അതേസമയം, തിങ്കളാഴ്ച രാജ്യത്ത് പുതിയതായി 628 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ 32 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3,096 ആയി ഉയർന്നു. കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. സംസ്ഥാനത്ത് ഇന്നലെ 92 കേസുകൾ റിപ്പോർട്ട് ചെയ്തു.
തമിഴ്നാട്ടിൽ ഇന്നലെ നാല് പേർക്ക് കോവിഡ് ഉപവകഭേദമായ 'ജെഎൻ.1' സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നതെന്നും, നാല് പേരും രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് 'ജെഎൻ.1' കണ്ടെത്തിയത്.
ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ 56 പേരുടെ സാമ്പിളാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾ തമിഴ്നാട്ടിലുള്ളത്.
إرسال تعليق