മാസപ്പടി വിവാദം; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി, സ്വമേധയാ കക്ഷി ചേർത്തു

(www.kl14onlinenews.com)
(08-DEC-2023)

മാസപ്പടി വിവാദം; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി, സ്വമേധയാ കക്ഷി ചേർത്തു
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്. രാഷ്ട്രീയ നേതാക്കൾ അടക്കം 12 പേർക്ക് നോട്ടീസ് അയക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്. കൊച്ചിൻ മിനറൽസ്​ ആൻഡ് റൂട്ടൈൽസ് കമ്പനി (സി.എം.ആർ.എൽ) ഇല്ലാത്ത സേവനത്തിന് മാസപ്പടി നൽകിയെന്ന കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി.

എതിർ കക്ഷികളെ കേൾക്കാതെ ഹരജിയിൽ തീരുമാനം എടുക്കാനാവില്ലെന്ന് ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. ഹരജിയിൽ എതിർകക്ഷികളായ മുഴുവൻ പേരെയും കേസിൽ കക്ഷി ചേർക്കുകയാണ് ഉത്തരവിലൂടെ ഹൈകോടതി ചെയ്തത്. ഇതുപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നത്.

മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര​ജി വി​ധി പ​റ​യാ​ൻ നവംബർ ഒന്നിന് ഹൈ​കോ​ട​തി മാ​റ്റിയിരുന്നു. എന്നാൽ, ഇന്ന് കേസ് പരിഗണിച്ച കോടതി എതിർകക്ഷികളുടെ ഭാഗം കൂടി കേൾക്കാനായി നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി വ്യക്തമാക്കുകയായിരുന്നു.

കൊ​ച്ചി​ൻ മി​ന​റ​ൽ ആ​ൻ​ഡ്​ റൂ​ട്ടൈ​ൽ​സ്​ ക​മ്പ​നി (സി.​എം.​ആ​ർ.​എ​ൽ) ഇ​ല്ലാ​ത്ത സേ​വ​ന​ത്തി​ന്​ മാ​സ​പ്പ​ടി ന​ൽ​കി​യ കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കേ​സ്​ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ഹ​ര​ജി​ക്കാ​ര​ൻ മ​രി​ച്ചി​രു​ന്നു.

കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നി​ല്ലെ​ന്ന് ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചെ​ങ്കി​ലും പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​യാ​യ​തി​നാ​ൽ ​വാ​ദ​മ​ട​ക്കം ന​ട​പ​ടി​ക​ൾ ജ​സ്റ്റി​സ്​ കെ. ​ബാ​ബു തു​ട​രു​ക​യാ​യി​രു​ന്നു. ഹരജിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. അഖിൽ വിജയിയെ അമിക്കസ് ക്യൂറിയായി ഹൈകോടതി നിയമിക്കുകയും ചെയ്തു.

കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കീഴ് കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ ശരിയല്ലെന്നാണ് അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ. കൂടാതെ, കമ്പനിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡിന് സി.​എം.​ആ​ർ.​എ​ൽ സി.ഇ.ഒയും സി.എഫ്.ഒയും നൽകിയ മൊഴി മുഖവിലക്കെടുത്തില്ലെന്നും പണം നൽകിയത് സംബന്ധിച്ച പട്ടികയിലുള്ള ചുരുക്കപ്പേരുകൾ ആരുടേതെന്ന് പരിശോധിക്കപ്പെടണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

മു​ഖ്യ​മ​ന്ത്രി, മ​ക​ൾ വീ​ണ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് എ​ന്നി​വർ സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി​യി​ൽ ​നി​ന്ന് മാ​സ​പ്പ​ടി കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്സാ​ലോ​ജി​ക് സൊ​ലൂ​ഷ​ൻ​സ്​ എ​ന്ന ക​മ്പ​നി​ക്ക​ട​ക്കം സി.​എം.​ആ​ർ.​എ​ൽ ന​ൽ​കാ​ത്ത സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ലം ന​ൽ​കി​യെ​ന്ന സെ​റ്റി​ൽ​മെ​ന്‍റ്​ ബോ​ർ​ഡി​​ന്റെ ക​ണ്ട​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

ഭ​ര​ണ​ഘ​ട​ന സ്ഥാ​ന​ത്തി​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ത്ത​രം ഹ​ര​ജി​ക​ൾ ന​ൽ​കു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും സെ​റ്റി​ൽ​മെ​ന്റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ന് നി​യ​മ​പ​ര​മാ​യ മൂ​ല്യ​മി​ല്ലെ​ന്നും സ​ർ​ക്കാ​റി​ന്​ വേ​ണ്ടി പ്രോ​സി​ക്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കോടതിയിൽ വാ​ദി​ച്ചിരുന്നു.

Post a Comment

Previous Post Next Post