കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകി സര്‍ക്കാര്‍

(www.kl14onlinenews.com)
(30-DEC-2023)

കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകി സര്‍ക്കാര്‍
ന്യൂഡൽഹി : ഗവർണർ സ്വന്തം നിലയ്‌ക്ക്‌ എടുത്ത തീരുമാനമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. പുനർനിയമനത്തിൽ ഗവർണർ സ്വന്തം നിലയ്‌ക്കാണോ തീരുമാനമെടുത്തതെന്ന നിയമപ്രശ്നം സുപ്രീംകോടതി മുമ്പാകെ പരാതിക്കാർ ഉന്നയിച്ചിരുന്നില്ല. പുനർനിയമനം ചോദ്യം ചെയ്‌ത ഹർജി തള്ളിയ കേരളാ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഇക്കാര്യം പരിഗണിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും പരാതിക്കാർ ഇത്‌ കോടതി മുമ്പാകെ ഉന്നയിച്ചിരുന്നില്ലെന്ന്‌ പുനപരിശോധന ഹർജിയിൽ ചൂണ്ടിക്കാട്ടി.

രണ്ട് വിഷയങ്ങളിൽ ഊന്നിയാണ് കണ്ണൂർ വിസിയായി ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനം പരാതിക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തത്‌; പുനർനിയമനത്തിനും 60 വയസ് പരിധി ബാധകമാണ്, നിയമനത്തിന് പിന്തുടരുന്ന അതേ വ്യവസ്ഥകൾ പിന്തുടരണം- എന്നിവയിൽ. ഈ രണ്ട് കാര്യത്തിലും സംസ്ഥാന സർക്കാരിനും ഗോപിനാഥ് രവീന്ദ്രനും അനുകൂലമായ നിലപാടാണ്‌ സുപ്രീം കോടതി സ്വീകരിച്ചത്. ഹർജിക്കാർ ഉന്നയിച്ചിട്ടില്ലാത്തതും ഹൈക്കോടതി ‘അനാവശ്യമെന്ന്’ ചൂണ്ടിക്കാണിച്ച് പരിഗണിക്കാത്തതുമായ വിഷയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്‌ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയത്‌. രാജ്ഭവൻ 2022 ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ‘ബാഹ്യസമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ‘ ഗവർണർ പുനർനിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്ന നിഗമനത്തിലേക്ക് സുപ്രീംകോടതി എത്തിയത്. വാദം കേൾക്കലിനിടെ ഉയർന്നു വരാത്ത വിഷയമായതിനാൽ ഇതിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോ ഗോപിനാഥ് രവീന്ദ്രനോ അവസരം ലഭിച്ചില്ല. അല്ലാത്തപക്ഷം കണ്ണൂർ സർവകലാശാല നിയമത്തിലെ 10-ാം വകുപ്പ്പ്രകാരം കൃത്യമായ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമായിരുന്നു. പുനർനിയമനം നൽകുന്നതിൽ ചാൻസലർ കൂടിയായ ഗവർണർ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുനർനിയമനം യുജിസി റെഗുലേഷന് വിരുദ്ധമാണെന്ന് മാത്രമാണ് ചാൻസലർ കോടതിയിൽ വാദിച്ചത്. ആ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ നിരീക്ഷിച്ചിട്ടുണ്ടെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി.

അക്കാദമിക്ക് രംഗത്തെ പ്രമുഖനായ ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ സർവകലാശാല എല്ലാ മേഖലയിലും മുന്നേറിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന് വിസിയായി പുനർനിയമനം നൽകാമെന്ന ശുപാർശ നൽകിയതെന്ന്‌ സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കി. ഈ ശുപാർശ നൽകാൻ ഏറ്റവും അനുയോജ്യമായ വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രോ ചാൻസലറാണ്. 2022 നവംബർ 23ന് വിസി കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് പുനർനിയമനത്തിനുള്ള പ്രോ ചാൻസലറുടെ ശുപാർശയും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഉണ്ടായത്. സർക്കാർ തലത്തിൽ എടുത്ത സ്വാഭാവിക നടപടികൾക്ക് രാഷ്‌ട്രീയ വ്യാഖ്യാനം നൽകുന്നത് ശരിയല്ല. ഈ വസ്തുതകൾ പരിഗണിക്കാതെ പുനർനിയമനം റദ്ദാക്കിയ ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണ്. പുനർനിയമനം റദ്ദാക്കിയ ഉത്തരവിൽ സംസ്ഥാന നിയമങ്ങൾ യുജിസി റെഗുലേഷൻസിന് വിധേയമായിരിക്കുമെന്ന നിരീക്ഷണം സുപ്രീം കോടതി നടത്തിയത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പുനർപരിശോധനാ ഹർജിയിൽ പറഞ്ഞു. ഈ വിഷയത്തിലും സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. മുൻ ഉത്തരവ് സുപ്രീം കോടതി പുനപരിശോധിക്കണമെന്നും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും സ്റ്റാൻഡിങ്ങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ മുഖേന സമർപ്പിച്ച ഹർജിയിൽ കേരളം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post