മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ച് മരണം

(www.kl14onlinenews.com)
(15-DEC-2023)

മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയിലിടിച്ച് അഞ്ച് മരണം
മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പയ്യനാട് സ്വദേശികളായ ഉമ്മയും രണ്ടു കുഞ്ഞുങ്ങളുമടക്കം കുടുംബത്തിലെ നാലു പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഞ്ചേരി ചെട്ടിയങ്ങാടിയിൽ അപകടമുണ്ടായത്. മഞ്ചേരിയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയിൽ കർണാടയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായ ഏഴു വയസ്സുകാരി മോളി , മൂന്നു വയസ്സുകാരി റൈസ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന സാബിറ, 11 വയസ്സുകാരൻ മുഹമ്മദ് നിഷാദ്, നാലു വയസ്സുകാരി ആസാ ഫാത്തിമ, മുഹമ്മദ് അസാൻ, റൈഹാൻ എന്നിവരെ പരുക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.

അരീക്കോട് ഭാഗത്തു നിന്ന് വന്ന ബസ് ഓട്ടോയിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് നാട്ടുകാർ. പാതയിൽ മുമ്പും അപകടമുണ്ടായിരുന്നെന്നും പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നും സ്ഥലം എം. എൽ. എ യു എ ലത്തീഫ് ആരോപിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും.

ബസിലുണ്ടായിരുന്ന തീർഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയച്ചു. ബസ് ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. റോഡിലെ അപകടാവസ്ഥ പരിഹരിക്കണമെന്നറിയിച്ചു സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

Post a Comment

Previous Post Next Post